
ദില്ലി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷഭാഷയിൽ ആഞ്ഞടിച്ച് എഐഎംഐഎം പാര്‍ട്ടി നേതാവ് അസദുദീൻ ഒവൈസി. ദേശദ്രോഹികളെ വെടിവച്ച് കൊല്ലുക എന്നായിരുന്നു അനുരാഗ് താക്കൂറിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. അനുരാഗ് താക്കൂറിനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് ഒവൈസി. ''ഞാൻ അനുരാഗ് താക്കൂറിനെ വെല്ലുവിളിക്കുന്നു. എന്നെ വെടിവച്ച് കൊല്ലാൻ ഇന്ത്യയിൽ ഒരു സ്ഥലം തെരഞ്ഞെടുക്കൂ. അവിടെ വരാൻ ഞാൻ തയ്യാറാണ്. നിങ്ങളുടെ പ്രസ്താവന എന്നെ ഭയപ്പെടുത്തുന്നില്ല. കാരണം ഞങ്ങളുടെ അനേകം അമ്മമാരും സഹോദരിമാരും സമരത്തിനായി റോഡിലിറങ്ങിയിട്ടുണ്ട്. രാജ്യത്തെ രക്ഷിക്കാൻ അവർ തീരുമാനിച്ചു കഴിഞ്ഞു.'' ഒവൈസിയുടെ വാക്കുകൾ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുദ്രാവാക്യം വിളിക്കുമ്പോള്‍ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയും വേദിയില്‍ ഉണ്ടായിരുന്നു. 'നിങ്ങള്‍ വീഡിയോ മുഴുവന്‍ കണ്ടതിന് ശേഷം ദില്ലിയിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കൂ'വെന്നാണ് അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ബി.ജെ.പി എം.പി ലംഘിച്ചതായും വ്യാഴാഴ്ച ഉച്ചയോടെ കേന്ദ്രമന്ത്രിയോട് മറുപടി നൽകാനും കമീഷൻ ഉത്തരവിട്ടിരുന്നു.
'രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക' എന്നാണ് നോർത്ത് വെസ്റ്റ് ഡൽഹിയിലെ റിത്താലയിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തവേ അനുരാഗ് ഠാക്കൂർ പ്രസംഗിച്ചത്. പൗരത്വ നിയമ ക്കെതിരെ ഡൽഹി ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവരെ ഉദ്ദേശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍ പ്രവര്‍ത്തകരെ ക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam