അതേസമയം, ഇന്ധന സർചാർജ്ജ് എയർ ഇന്ത്യ കൂട്ടിയത് എംപിമാർ ഇന്ന് പാർലമെൻറിൽ ഉന്നയിക്കും. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ രാജ്യത്ത് എൽപിജി ക്ഷാമം നേരിടുകയാണ്. അതിനിടെ, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തി.
ദില്ലി: എൽപിജി ഉത്പാദനം കൂട്ടുമെന്ന് അറിയിച്ച് റിലയൻസ്. വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും റിലയൻസ് അറിയിച്ചു. അതേസമയം, ഇന്ധന സർചാർജ്ജ് എയർ ഇന്ത്യ കൂട്ടിയത് എംപിമാർ ഇന്ന് പാർലമെൻറിൽ ഉന്നയിക്കും. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനാൽ രാജ്യത്ത് എൽപിജി ക്ഷാമം നേരിടുകയാണ്. അതിനിടെ, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി രംഗത്തെത്തി.
ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുന്ന മന്ത്രി വാണിജ്യ ആവശ്യങ്ങൾക്കുള്ളതിൽ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് അറിയിച്ചു. എൽപിജി പൂഴ്ത്തിവയ്പ്പ് തടയാൻ അവശ്യവസ്തു നിയമ പ്രകാരം വിജ്ഞാപനമിറക്കി. ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടിയും കേന്ദ്രസർക്കാർ പരിഗണിക്കുന്നുണ്ട്.
പാചക വാതക ലഭ്യതയെക്കുറിച്ച് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെയാണ് രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പ് നൽകുന്നത്. എന്നാൽ വാണിജ്യ ആവശ്യത്തിനുള്ള വാതകത്തിന്റെ ലഭ്യതയിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നേക്കാം. വിതരണം കാര്യക്ഷമമാക്കും, ഊർജ ലഭ്യതയിൽ കുറവില്ല, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
എൽപിജി സിലിണ്ടറിന്റെ പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയാനും, ഉൽപാദനം വർദ്ധിപ്പിച്ച് വിതരണം കാര്യക്ഷമമാക്കാനുമാണ് അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ എൽപിജിയെ കൊണ്ടുവരുന്നത്. കൊവിഡ് കാലത്ത് സാനിറ്റൈസറും ഇതുപോലെ അവശ്യവസ്തു നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നു. പാചക വാതകത്തിന്റെ വിതരണം നിരീക്ഷിക്കാൻ പൊതുമേഖല എണ്ണ കമ്പനികളുടെ എക്സിക്യുട്ടീവ് ഡയറക്ടർ തലത്തിലുള്ള പ്രതിനിധികളെ അംഗങ്ങളാക്കി മൂന്നംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടികാഴ്ച നടത്തി സ്ഥിതി വിലയിരുത്തി. വിവിധ നഗരങ്ങളിലെ ഹോട്ടൽ വ്യവസായികളടക്കം വാതക ലഭ്യതയിൽ ആശങ്കയറിയിച്ച് കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതേസമയം ഇന്ത്യയുടെ പല എണ്ണ കപ്പലുകളും നിലവിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുകയാണ്. ഈ കപ്പലുകളെ ഇന്ത്യയിലേക്ക് സുരക്ഷിതമായി കൊണ്ടുവരാനും, അതിനായി നാവിക സേനയുടെ സുരക്ഷ ഏർപ്പെടുത്താനുമുള്ള ആലോചനയും കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്.



