കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: അനുനയനീക്കവുമായി അശോക് ഗലോട്ട്, തരൂരും ഹൂഡയുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Sep 5, 2022, 1:08 PM IST
Highlights

പരസ്യ വിമർശന പാർട്ടിയിലെ ഐക്യത്തെ ബാധിക്കുമെന്ന നിലപാട് അശോക് ഗലോട്ട് തരൂരിനെ അറിയിച്ചു.

ദില്ലി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിൽ സമവായത്തിനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായി അശോക് ഗലോട്ട്. ജി 23 നേതാക്കളായ ശശി തരൂരുമായും ഭുപീന്ദർ സിംഗ് ഹൂഡയുമായും അശോക് ഗലോട്ട് ചർച്ച നടത്തി. അതേസമയം വോട്ടർപട്ടികയുടെ കാര്യത്തിൽ ഒളിച്ചുകളിയില്ലെന്നും തരൂർ മത്സരിക്കുന്നതിനോട് യോജിപ്പെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരത്തിലേക്ക് കാര്യങ്ങൾ പോകുന്ന സാഹചര്യത്തിലാണ് അശോക് ഗലോട്ട് ശശി തരൂരിനെ കണ്ടത്. പരസ്യ വിമർശന പാർട്ടിയിലെ ഐക്യത്തെ ബാധിക്കുമെന്ന നിലപാട് അശോക് ഗലോട്ട് തരൂരിനെ അറിയിച്ചു. സമവായത്തിന് ശ്രമിക്കണമെന്ന നിർദ്ദേശവും വച്ചു. കൂടിക്കാഴ്ചയെക്കുറിച്ച് തരൂർ പ്രതികരിച്ചില്ല. ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗ് ഹൂഡയേയും ഗലോട്ട് കണ്ടു. വോട്ടർ പട്ടിക പുറത്തു വിടണം എന്ന ആവശ്യം കൂടിക്കാഴ്ചയിൽ തരൂരും ഹൂഡയും ആവർത്തിച്ചു എന്നാണ് സൂചന. 

എന്നാൽ വോട്ടര്‍ പട്ടികയിൽ ഒളിച്ചുകളിയില്ലെന്നും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇതുവരെ ഔദ്യോഗിക സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. അശോക് ഗലോട്ട് മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോഴും പാർട്ടിക്കകത്ത് വ്യക്തത വന്നിട്ടില്ല. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം എന്ന നിലപാടാണ് ഇന്നലെ നടന്ന റാലിയിൽ ഉയർന്നത്. മാതാവിൻ്റെ മരണത്തെ തുടര്‍ന്ന് ഇറ്റലിയിലുള്ള സോണിയ ഗാന്ധി ഈ മാസം പത്തിന് ശേഷം തിരിച്ചെത്തുമ്പോഴേ ഇക്കാര്യത്തിൽ ചിത്രം തെളിയൂ എന്നാണ് നേതാക്കൾ നല്കുന്ന സൂചന. 

tags
click me!