
ദില്ലി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് റയിൽവേ പുറത്ത് വന്നുവെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. പാർലമെൻ്റിൽ റെയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം വരുമാനത്തിൽ മികച്ച പ്രകടനമാണ് റയിൽവേ കാഴ്ചവയ്ക്കുന്നതെന്നും യാത്രാക്കൂലി ഇന്ത്യയിലാണ് ഏറ്റവും കുറവെന്നും പറഞ്ഞ മന്ത്രി, റെയിൽ മാർഗമുള്ള ചരക്ക് നീക്കത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണെന്നും പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ റയിൽവേക്ക് നേട്ടങ്ങൾ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കം ചെന്ന കോച്ചുകൾ സമയബന്ധിതമായി മാറ്റുന്നു. ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് മെട്രോ കോച്ചുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയത് വലിയ നേട്ടമാണ്. പ്രതിപക്ഷവും ഈ നേട്ടങ്ങളിൽ സന്തോഷിക്കണം. 10 വർഷത്തിനിടെ 5 ലക്ഷം പേർക്ക് റയിൽവേയിൽ ജോലി നൽകാനായി. ഒരു ലക്ഷം പേരുടെ റിക്രൂട്ട്മെൻറ് നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റയിൽവേയിൽ അപകടങ്ങൾ കുറഞ്ഞു. ലാലു പ്രസാദ് യാദവ് റയിൽ മന്ത്രിയായിരുന്നപ്പോൾ ദിവസം ശരാശരി 2 എന്ന വിധമായിരുന്നു അപകടങ്ങൾ ഉണ്ടായിരുന്നത്. മമത ബാനർജി മന്ത്രിയായിരുന്നപ്പോൾ പ്രതിദിനം 1 എന്ന വിധമായിരുന്നു അപകടം. അങ്ങനെ തന്നെയായിരുന്നു മല്ലികാർജുൻ ഖർഗെയുടെ കാലത്തും അപകടങ്ങളുണ്ടായത്. മോദിയുടെ ഭരണകാലത്ത് റെയിൽ അപകടങ്ങളിൽ 90 ശതമാനം കുറവുണ്ടായിരിക്കുന്നു. അപകട രഹിതമാകണം റെയിൽവെ എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam