
പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധമായിരുന്നു രാമക്ഷേത്ര നിർമ്മാണം. ഉത്തർപ്രദേശിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ആയുധമാക്കിയത് രാമക്ഷേത്ര നിർമ്മാണമാണ്. അഖിലേഷ് യാദവിനെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞും മായാവതിയെ ചുരുങ്ങിയ സീറ്റുകളിലേക്ക് ഒതുക്കിയും ബിജെപി അധികാരം പിടിച്ചെടുത്തതിൽ രാമക്ഷേത്ര നിർമ്മാണമെന്ന വാദ്ഗാനം നിർണായക സ്വാധീനമായി.
രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിലേറിയ ശേഷം 2021 ൽ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു.
പ്രധാമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് ക്ഷേത്രനിർമ്മാണത്തിന് തുടക്കം കുറിച്ചത്. 70 ഏക്കറിൽ 1100 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഇന്ത്യയില്‍ നിന്ന് തന്നെ സംഭാവനയായി തുക സമാഹരിച്ച് കഴിഞ്ഞിട്ടുണ്ട്. 2022 ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം രാമക്ഷേത്രം നിർമ്മാണത്തിന് തുടക്കം കുറിച്ചതും ബിജെപി ആയുധമാക്കും.
ബിജെപി തങ്ങളുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാണിക്കുന്ന രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് യുപി തെരഞ്ഞെടുപ്പിൽ നിർണായകമാകുമോ? രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചത് യുപിയിലെ വോട്ടർമാരെ സ്വാധീനിക്കുമോ ?
തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം നിങ്ങൾക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് ? ഏഷ്യാനെറ്റ് ന്യൂസ് സർവേ പരിശോധിച്ചത് അതാണ്. തെരഞ്ഞെടുപ്പിൽ രാമക്ഷേത്ര നിർമ്മാണം നിങ്ങൾക്ക് എത്രത്തോളം പ്രധാനമാണ് എന്ന ചോദ്യത്തിന് സർവ്വേയിൽ പങ്കെടുത്തവരിൽ നിന്നും സംമിശ്ര പ്രതികരണമാണ് ഉണ്ടായത്.
33 ശതമാനം പേർ വളരെ പ്രധാനം എന്ന് പ്രതികരിച്ചപ്പോൾ 32 ശതമാനം പേർ അപ്രധാനം എന്നും 22 ശതമാനം പേർ ശരാശരിയെന്നും പ്രതികരിച്ചു. അതേ സമയം 13 ശതമാനം പേർ രാമക്ഷേത്ര നിർമ്മാണം വളരെ അപ്രധാനം എന്ന നിലപാടിലാണ്. ഏതായാലും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം, രാമക്ഷേത്രം നിർമ്മാണത്തിന് തുടക്കം കുറിച്ചത് തന്നെയാകും ഇത്തവണ ബിജെപിയുടെ പ്രചാരണ ആയുധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam