വടക്കുകിഴക്കിന്റെ പ്രവേശന കവാടത്തിൽ 'ഒറ്റയ്ക്ക്' വാഴാൻ ബിജെപി; തടയിടാൻ കോൺഗ്രസ്; അസമിൽ രാഷ്ട്രീയ ഭൂകമ്പം!

Published : Apr 01, 2026, 08:59 PM IST
Assam

Synopsis

അസം നിയമസഭ തെരഞ്ഞെടുപ്പിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് മറികടക്കാനാണ് ലക്ഷ്യമിടുന്നത്. ഗൗരവ് ഗൊഗോയിയുടെ കീഴിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ട്.

രാജ്യത്ത് കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് തെര‍ഞ്ഞെടുപ്പിലേക്ക് എത്തുന്നത്. പതിവ് തെരഞ്ഞെടുപ്പിന് അപ്പുറത്തേയ്ക്ക് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമികയെത്തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള നിർണ്ണായകമായ ഒരു മത്സരമാണ് ന‍ടക്കാനിരിക്കുന്നത്. അസമിലെ ഭരണം പിടിക്കുകയെന്നാൽ വടക്കുകിഴക്കൻ ഇന്ത്യയിലേയ്ക്കുള്ള വാതിൽ തുറക്കുക എന്നത് തന്നെയാണ് ഇപ്പോഴും അർത്ഥം.

ഹിമന്ത ബിശ്വ ശർമ്മയും ഗൗരവ് ഗൊഗോയിയും തമ്മിലുള്ള അതിശക്തമായ പോരാട്ടമാണ് ഇത്തവണ അസമിലെ ഹൈലൈറ്റ്. പുതിയ നേതൃത്വത്തെ ഉയർത്തിക്കാട്ടിയും, ഭരണവിരുദ്ധ വികാരവും സാമൂഹിക കൂട്ടായ്മകളും പ്രയോജനപ്പെടുത്താൻ സഖ്യങ്ങൾ രൂപീകരിച്ചും ശക്തമായ തിരിച്ചുവരവിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സ്വത്വ രാഷ്ട്രീയം മുതൽ സുബീൻ ഗാർഗിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വരെയുള്ള വൈകാരിക വിഷയങ്ങൾ അസമിലെ തെരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിക്കുന്നു. അസമിൽ 2023ലെ മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വാധീനമുള്ള സീറ്റുകളിൽ ഇത് വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നേരത്തെ മുസ്ലീം വിഭാ​ഗത്തിന് സ്വാധീനമുണ്ടായിരുന്നത് 36 മണ്ഡലങ്ങളിലായിരുന്നെങ്കിൽ ഇപ്പോൾ അത് 23 ആയി കുറഞ്ഞെന്നാണ് പ്രതിപക്ഷ വാദം. 

അസമിൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2016ലാണ് ബി.ജെ.പി അധികാരം പിടിക്കുന്നത്. എന്നാൽ, അന്ന് 60 സീറ്റുകൾ നേടിയെങ്കിലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം (63 സീറ്റുകൾ) നേടാൻ ബിജെപിയ്ക്ക് സാധിച്ചില്ല. 2016ന്റെ തനിയാവർത്തനമാണ് 2021ലും കാണാനായത്. 60 സീറ്റുകൾ നേടിയ പാർട്ടിക്ക് കേവല ഭൂരിപക്ഷം നേടാൻ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു. സംസ്ഥാനത്ത് ഇന്ന് പ്രധാന ശക്തിയാണെങ്കിലും നിയമസഭയിൽ സ്വന്തം നിലയിൽ ഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.

നിയമസഭയിലുണ്ടായതിന് സമാനമായ ഒരു പ്രവണത ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ കണക്കുകൾ പരിശോധിച്ചാലും കാണാം. 2014ൽ ഏഴ് സീറ്റുകൾ നേടിയ ബി.ജെ.പി, 2019-ലും 2024-ലും ഒമ്പത് സീറ്റുകളിൽ തന്നെ തുടരുകയാണ്. വോട്ട് വിഹിതം ക്രമമായി വർദ്ധിച്ചിട്ടുണ്ടെന്നത് ബിജെപിയെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നു. 2026ൽ സംസ്ഥാനം വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിലേയ്ക്ക് പോകുമ്പോൾ മണ്ഡല പുനർനിർണ്ണയവും ക്ഷേമപദ്ധതികളും ഭരണനേട്ടങ്ങളും മുൻനിർത്തി ഈ പിന്തുണയെ കേവല ഭൂരിപക്ഷമാക്കി മാറ്റാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

അസമിൽ പ്രാദേശിക വികാരം ഉയര്‍ത്തി നിന്ന അസം ഗണ പരിഷത്തിനെയും കോൺഗ്രസിനെയും പിന്നിലാക്കിയാണ് ബിജെപി ഏറ്റവും വലിയ പാര്‍ട്ടിയായി വളര്‍ന്നത്. അസം പിടിച്ചതിന് ശേഷം ബി.ജെ.പിയ്ക്ക് മണിപ്പൂരിലും ത്രിപുരയിലും സ്വന്തം ശക്തിയ്ക്ക് അധികാരത്തിലെത്താൻ കഴിഞ്ഞു. അരുണാചൽ പ്രദേശിൽ ഒരു പതിറ്റാണ്ടിലേറെയായി ബി.ജെ.പി അധികാരത്തിൽ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ പാര്‍ട്ടി ഭരണ മുന്നണികളുടെ ഭാഗമാണ്. അതായത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രവേശന കവാടം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അസമിൽ ബി.ജെ.പി.

അസമിൽ മാത്രമല്ല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആകെ നിയന്ത്രണം കോൺഗ്രസിന് നഷ്ടമായതിൽ പാര്‍ട്ടിയിൽ നിന്നുള്ള ഹിമന്ത ബിശ്വ ശര്‍മ്മയുടെ പടിയിറക്കത്തിന് വലിയ പ്രാധാന്യമുണ്ട്. രാഹുൽ ഗാന്ധിയുമായി തെറ്റിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ കോൺഗ്രസിനെ ‘കൈ’ വിട്ടത്. ഗൗരവ് ഗൊഗോയിക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നൽകുന്ന പ്രാധാന്യമാണ് ഹിമന്തയെ ചൊടിപ്പിച്ചത്. ഹിമന്ത എത്തിയ ശേഷം ബി.ജെ.പിയുടെ വളര്‍ച്ച അതിവേഗത്തിലായി. ഹിമന്ത ദേശീയ രാഷ്ട്രീയത്തിലെ താരമാകുകയും ചെയ്തു. എന്നാൽ, സര്‍ബാനന്ത സോനോവാളാണ് അസമിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായത്. അസമിലെ മുന്നേറ്റം 2021ലും ബി.ജെ.പി തുടര്‍ന്നു. സര്‍ബാനന്ത സോനോവാളിനെ മാറ്റി ഹിമന്ത ബിശ്വ ശര്‍മ്മയെ മുഖ്യമന്ത്രി പദം ഏൽപ്പിച്ചും സോനോവാളിന് കേന്ദ്രമന്ത്രി സ്ഥാനം നൽകിയും ബി.ജെ.പി അസമിന്റെ കടിഞ്ഞാൺ ഉറപ്പിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് തീവ്ര ഹിന്ദുത്വ നയമാണ് ബി.ജെ.പി സ്വീകരിച്ചത്. കുടിയേറ്റവും നുഴഞ്ഞുകയറ്റവും തടയുന്ന ഹീറോ പരിവേഷമാണ് ഹിമന്ത ലക്ഷ്യമിട്ടത്. ഇത് അസമിലെ ഹിന്ദുക്കളുടെ ധ്രുവീകരണത്തിന് ബി.ജെ.പിയെ സഹായിച്ചു. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളുടെ വോട്ടുകൾ കോൺഗ്രസിനും എ.ഐ.യു.ഡി.എഫിനും ഇടയിൽ വിഘടിച്ചു പോകുകയും ഹിന്ദു വോട്ടുകൾ വിഘടിക്കുകയും ചെയ്താൽ ബി.ജെ.പിയ്ക്ക് വീണ്ടും അധികാരത്തിലെത്താം. ലോക്സഭയിൽ ഹിമന്തയുടെ നയങ്ങൾക്കെതിരായ ധ്രുവീകരണം ന്യൂനപക്ഷ വോട്ടിംഗിൽ കാണാനായി. കൂടുതൽ സീറ്റുകൾ ബി.ജെ.പി നേടിയെങ്കിലും കോൺഗ്രസ് നിലമെച്ചപ്പെടുത്തി. അസമിലെ 34 ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി കോൺഗ്രസിന് പിന്നിൽ അണിനിരന്നാൽ ബി.ജെ.പിയ്ക്ക് കാര്യങ്ങൾ എളുപ്പമാകില്ല.

അതേസമയം, ഗായകൻ സുബീൻ ഗാര്‍ഗിന്റെ മരണം അസമിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. യുവാക്കൾ സര്‍ക്കാരിനെതിരെയായോ എന്ന ചര്‍ച്ചകൾ വലിയ രീതിയിൽ നടന്നു. തത്ക്കാലം ആ സാഹചര്യം മറികടക്കാൻ അസം മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബി.ജെ.പിയ്ക്ക് പ്രധാന വെല്ലുവിളിയായ ​ഗൗരവ് ​ഗൊ​ഗോയിക്ക് അസമിൽ സ്വാധീനം ഉയരുന്നുണ്ട്. എന്നാൽ, ബി.ജെ.പി സർക്കാരിനെ അട്ടിമറിക്കാൻ കെൽപ്പുള്ള തന്ത്രങ്ങൾ മെനയാൻ ​ഗൗരവിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിനാൽ തുടർഭരണ പ്രതീക്ഷയോടെയാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. കേരളത്തോടൊപ്പം അസമിൽ ഏപ്രിൽ 9ന് വോട്ടിം​ഗ് അവസാനിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആദ്യം തന്നെ മാതൃകയായി, സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ച് സെൻസസ് 2027 ന്‍റെ ഭാഗമായി; കേരളത്തിൽ ജൂണിൽ തുടങ്ങും
മുഖ്യമന്ത്രി സ്ഥാനം: കുതിച്ചുയർന്ന് വിജയുടെ പിന്തുണ, 27 ശതമാനത്തോടെ രണ്ടാമത്; 'തല'പ്പത്ത് സ്റ്റാലിൻ ബഹുദൂരം മുന്നിൽ; ഡിഎംകെ തുടരുമെന്ന് ലോക്പോൾ സർവെ