ദില്ലിയിലും ഗുരുഗ്രാമിലും എൻസിബി നടത്തിയ പരിശോധനയിൽ അന്തർദേശീയ ലഹരിക്കടത്ത് ശൃംഖലയെ തകർത്തു. 15 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുക്കുകയും വിസ കാലാവധി കഴിഞ്ഞ നാല് നൈജീരിയൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ദില്ലി: വിദേശികൾ ഉൾപ്പെട്ട അന്തർദേശീയ ലഹരിക്കടത്ത് ശൃംഖല എൻസിബി തകർത്തു. ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 14.787 കിലോ ആംഫെറ്റമിൻ, 67.84 കിലോ സ്യൂഡോഎഫെഡ്രിൻ, 318 ഗ്രാം കൊക്കെയ്ൻ, 6 ഗ്രാം ഹെറോയിൻ എന്നിവ പിടികൂടി.

പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ആകെ മൂല്യം ഏകദേശം 15 കോടി രൂപയാണ്. കേസിൽ നാല് നൈജീരിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവർ വിസ കാലാവധി കഴിഞ്ഞ് വർഷങ്ങളായിട്ടും ഇന്ത്യയിൽ അനധികൃതമായി തുടരുകയായിരുന്നു.