ദില്ലി: അസമിലെ അന്തിമ പൗരത്വ രജിസ്റ്ററിൽ നിയമനിർമ്മാണത്തിനൊരുങ്ങി ബിജെപി. പുറത്തായ യഥാർത്ഥ പൗരന്മാരെ ഉൾപ്പെടുത്താനെന്നാണ് അസം ബിജെപി നേതൃത്വത്തിന്‍റെ വിശദീകരണം. അനർഹരെ ഒഴിവാക്കാൻ പട്ടികയിൽ പുനഃപരിശോധന ആവശ്യപ്പെടും.
യഥാർത്ഥ ഇന്ത്യക്കാരെ ഒഴിവാക്കിയുള്ള പട്ടികയെന്ന വിമര്‍ശനം പ്രതിപക്ഷം ബിജെപിക്കെതിരെ ആയുധമാക്കുമ്പോഴാണ് പ്രതിസന്ധി മറികടക്കാനുള്ള ബിജെപിയുടെ നീക്കം. അസമില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന ബംഗാളില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കളും പട്ടികയ്ക്ക് പുറത്തായിരുന്നു. ശനിയാഴ്ച പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാര്‍. 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. അസമിൽ ഇപ്പോൾ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റർ.
ഒരുലക്ഷത്തിലേറെ ഗൂര്‍ഖകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. അതിര്‍ത്തി കടന്നെത്തിയ പലരും ഇടം പടിച്ചെന്നും ആരോപണമുയര്‍ന്നു. അനര്‍ഹരെ ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. പട്ടിക പുനപരിശോധിക്കണമെന്നാവശ്യപ്പെടുമെന്ന് സംസ്ഥാന ധന മന്ത്രി ഹിമന്ത ബിശ്വാസ് പറഞ്ഞു.
യഥാർത്ഥ പൗരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രജ്ഞിത് കുമാര്‍ ദാസിന്‍റെ പ്രതികരണം. പുറത്തായ പൗരന്മാരെ ഉള്‍പ്പെടുത്താന്‍ നിയമനിര്‍മാണ സാധ്യതയും പരിഗണിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. ഡിസംബറില്‍ നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് ആലോചന. അതിനിടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഡിസംബറിന് മുമ്പ് വിദേശികള്‍ക്കുള്ള 200 ട്രൈബ്യൂണല്‍ കൂടി തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, അസമിലും വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയ സുരക്ഷ തുടരുകയാണ്. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന അസം ജില്ലകളിൽ നിരോധനാജ്ഞ നിലവിലുണ്ട്. പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നുണ്ടോ എന്ന് മിസോറാം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam