മഹാരാഷ്ട്രയിലെ നവസരിയിൽ കോലി സമുദായത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് നാല് ബിജെപി നേതാക്കൾ പാർട്ടി പദവികൾ രാജിവെച്ചു. നവസരി ജില്ലാ നേതൃപദവികളിൽ തങ്ങളുടെ സമുദായത്തിൽ നിന്നുള്ളവരെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം

നവസരി: ഗുജറാത്തിലെ നവസരിയിൽ കോലി സമുദായത്തിൽ നിന്നുള്ള നാല് ബിജെപി നേതാക്കൾ പാർട്ടി പദവികൾ രാജിവെച്ചു. നവസരി ജില്ലാ നേതാക്കളെ പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ സമുദായത്തിൽ നിന്നുള്ളവരെ അവഗണിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ജില്ലാ വൈസ് പ്രസിഡൻ്റ് അശോക് പട്ടേൽ, ബക്ഷി പഞ്ച് ജനറൽ സെക്രട്ടറി വിജയ് പട്ടേൽ, കിസാൻ മോർച്ച ജനറൽ സെക്രട്ടറി പ്രകാശ് പട്ടേൽ, ജലാൽപൂർ താലൂക് പഞ്ചായത്തംഗവും ബിജെപി ജില്ലാ സംഘടനാ സെക്രട്ടറിയുമായ ചേതന പട്ടേൽ എന്നിവരാണ് രാജിവച്ചത്.

Add Asianetnews as a Preferred SourcegooglePreferred

നവസരി ജില്ലാ ബിജെപി അധ്യക്ഷൻ ബുരലാൽ ഷായ്ക്കാണ് രാജിക്കത്ത് നൽകിയത്. ബുരാലാൽ ഷാ ഓഫീസിലില്ലാത്ത സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസിലെ മേശപ്പുറത്ത് രാജിക്കത്ത് വെച്ച് നാല് നേതാക്കളും ഇറങ്ങിപ്പോവുകയായിരുന്നു. ജലാൽപൂർ നിയമസഭാ മണ്ഡലത്തിലെ സ്വാധീന ശക്തിയാണ് കോലി സമുദായം. ജില്ലാ നേതൃപദവികളിൽ തങ്ങളുടെ സമുദായത്തിൽ നിന്നുള്ളവരെ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജില്ലാ അധ്യക്ഷൻ, ജനറൽ സെക്രട്ടറി പദവികളാണ് ആവശ്യപ്പെട്ടത്. എന്നാൽ വൈസ് പ്രസിഡൻ്റ് പദവിയാണ് ഇവർക്ക് ലഭിച്ചത്. ഇതാണ് രാജിക്ക് കാരണം.

കോലി സമുദായംഗമായ ആർ സി പട്ടേലാണ് ജലാൽപൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ബിജെപി അംഗം. നവസരി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ഇതേ സമുദായത്തിൽ നിന്നുള്ള ബിജെപി നേതാവ് സിആർ പട്ടീലാണ്. തങ്ങളുടെ രക്തവും വിയർപ്പും കണ്ണീരും നൽകിയാണ് നവസരിയിൽ ബിജെപിയെ ശക്തിപ്പെടുത്തിയതെന്നും പാർട്ടിയിൽ ഉയർന്ന സ്ഥാനത്തെത്തുകയെന്ന തങ്ങളുടെ ആഗ്രഹം നടപ്പായില്ലെന്നും ഇതാണ് രാജിക്ക് കാരണമെന്നും അശോക് പട്ടേൽ പ്രതികരിച്ചിട്ടുണ്ട്.