
റായ്പൂര്‍: ബിജെപി നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ, മാവോയിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഛത്തീസ്‍ഗഢ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്ത്. സിആർപിഎഫിനെ ലക്ഷ്യമിടുകയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.
"ആരാണ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്)? സിആർപിഎഫുകാരന്‍ അംബാനിയുടെയോ ടാറ്റയുടെയോ മകനല്ല. സിആർപിഎഫ് രാജ്യത്തിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നു. ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള മക്കളാണ് സിആർപിഎഫിലുള്ളത്. ഭൂപേഷ് ബാഗേൽ സിആർപിഎഫിനെ ലക്ഷ്യമിടുന്നു. അതായത് ഭൂപേഷ് ബാഗേൽ നക്സലുകളെയാണ് പിന്തുണയ്ക്കുന്നത്"- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ബിജെപി നേതാക്കളും കോൺഗ്രസ് നേതാക്കളും കൊല്ലപ്പെട്ടപ്പോൾ ഭൂപേഷ് ബാഗേൽ നക്‌സലുകളോട് പ്രതികാരം ചെയ്യണമായിരുന്നു. എന്നാല്‍ തീവ്ര ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് ശർമ ആരോപിച്ചു. ഇത്തവണ ജനപിന്തുണയോടെ തെരഞ്ഞെടുപ്പ് ജയിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. നക്‌സലൈറ്റുകളുടെ പിന്തുണയോടെ വിജയിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കോൺഗ്രസിനും നക്‌സലൈറ്റുകൾക്കുമിടയിൽ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
"നിങ്ങൾ ഞങ്ങൾക്ക് ഛത്തീസ്ഗഡിൽ ഒരു വർഷത്തെ സമയം തരൂ. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ (ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി) ഞങ്ങൾ നക്സലിസത്തെ ഇല്ലാതാക്കും"- ഹിമന്ത ബിശ്വ ശർമ്മ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. ഛത്തീസ്ഗഡിലെ സർക്കാർ മതപരിവർത്തനത്തിന് പരസ്യമായി അനുമതി നൽകിയെന്നും ശർമ ആരോപിച്ചു, സനാതന ധർമ്മം ഇല്ലാതാക്കാനാണോ ബാഗേലിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് സർക്കാരിന്റെ കീഴിൽ ഹിന്ദു ധർമം ദുര്‍ബലമാക്കപ്പെട്ടെന്നും ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam