പൗരത്വ പട്ടികയില്‍ പേരില്ല; അവസാന നിമിഷം വിവാഹം മുടങ്ങി, വരനും വധുവും ഒളിച്ചോടി

By Web TeamFirst Published Aug 19, 2019, 7:00 PM IST
Highlights

വരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി. എന്നാല്‍, ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയതാണെന്നും പൊലീസ് അറിയിച്ചു.

ഗുവാഹത്തി: പൗരത്വ പട്ടികയില്‍ പ്രതിശ്രുത വരന്‍റെ പേരില്ലാത്തതിനാല്‍ പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറി. വിവാഹം നടക്കില്ലെന്ന് ഉറപ്പായതതോടെ വരനും വധുവും ഒളിച്ചോടി. അസമിലാണ് സംഭവം. ഇരുവരും സില്‍ചാര്‍ മേഖലയിലാണ് താമസിക്കുന്നത്. ഭാവിയിലുണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങള്‍ ഭയന്നാണ് വിവാഹത്തില്‍നിന്ന് പിന്മാറിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. 

കുതുബ്ദ്ദീന്‍ ബര്‍ഭുയ്യ എന്നയാളുടെ മകളായ രഹ്ന(യഥാര്‍ത്ഥ പേരല്ല)യും ദില്‍വാര്‍ ഹുസൈന്‍ ലസ്കറും തമ്മിലെ വിവാഹമാണ് അവസാന നിമിഷം മുടങ്ങിയത്. പൗരത്വ രേഖകള്‍ ഹാജരാക്കാന്‍ വരന്‍റെ വീട്ടുകാര്‍ക്ക് സാധിക്കാതായതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പിന്മാറിയത്. ആഗസ്റ്റ് 15നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.  പിറ്റേദിവസം അനുരഞ്ജന ചര്‍ച്ചക്ക് വരന്‍റെ വീട്ടുകാര്‍ എത്തിയെങ്കിലും പെണ്‍വീട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഇരു വീട്ടുകാരും വാക്കേറ്റമുണ്ടായി.

ഇതിനിടെ ഇരുവരെയും കാണാനില്ലാതായി. വരന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കി. എന്നാല്‍, ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയതാണെന്നും പൊലീസ് അറിയിച്ചു. ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായി പെണ്‍വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, വിവാഹത്തിന്‍റെ അവസാന നിമിഷവും രേഖകള്‍ ഹാരജാക്കാന്‍ സാധിക്കാതിരുന്നതോടെ വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. 
 

click me!