വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ

Published : Apr 08, 2026, 10:50 PM IST
Assam

Synopsis

2026-ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ 126 മണ്ഡലങ്ങളിലും ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. 

ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി അസം. നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്താൻ പൂർണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിലും ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4നാണ് ഫലപ്രഖ്യാപനം. 

അസം ചീഫ് ഇലക്ടറൽ ഓഫീസർ അനുരാഗ് ഗോയലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് കമ്മീഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ക്രമസമാധാനപാലനവും തെരഞ്ഞെടുപ്പ് ചെലവുകളും കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര നിരീക്ഷകരെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ, സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പരിപാടിയുടെ ഭാഗമായി വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ സംസ്ഥാനത്തുടനീളം വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, കമ്മീഷന്റെ നിർദ്ദേശപ്രകാരം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 31,486 പ്രധാന പോളിംഗ് സ്റ്റേഷനുകളും 4 സഹായ ബൂത്തുകളും ഉൾപ്പെടെ ആകെ 31,490 പോളിംഗ് സ്റ്റേഷനുകളിലാണ് വെബ്കാസ്റ്റിംഗ് ഉള്ളത്. ഇതുവഴി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും, ചീഫ് ഇലക്ടറൽ ഓഫീസർക്കും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പോളിംഗ് നടപടികൾ തത്സമയം നിരീക്ഷിക്കാൻ കഴിയും.

പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കാൻ സിആർപിഎഫ് അടക്കമുള്ള കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം, വിശ്രമിക്കാനുള്ള സ്ഥലം, ടോയ്‌ലറ്റുകൾ, ഭിന്നശേഷിക്കാർക്കായി വീൽചെയറുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. വോട്ടർമാരുടെ ക്യൂവിന് സമീപം ഇരിപ്പിടങ്ങളും (ബെഞ്ചുകൾ) മൊബൈൽ ഫോണുകൾ സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ആകെ 1,51,132 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടിംഗിനായി 41,320 ബാലറ്റ് യൂണിറ്റുകളും 43,975 കൺട്രോൾ യൂണിറ്റുകളും 43,997 വിവിപാറ്റ് മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അധിക മെഷീനുകളും കരുതിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ കൂടുതൽ പോളിംഗ് ഉദ്യോഗസ്ഥരെയും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 2,50,54,463 വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 1,25,31,552 പുരുഷ വോട്ടർമാരും 1,25,22,593 സ്ത്രീ വോട്ടർമാരും 318 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 63,423 സർവീസ് വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 6,42,314 പേർ 18-19 വയസ് പ്രായമുള്ളവരും 2,50,006 പേർ 80 വയസ്സിന് മുകളിലുള്ളവരും 2,05,085 പേർ ഭിന്നശേഷിക്കാരുമാണ്.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 60(സി) അനുസരിച്ച്, 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ ബാലറ്റ് വഴി വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. ഇതനുസരിച്ച്, 26,032 മുതിർന്ന പൗരന്മാരും (85+) 8,373 ഭിന്നശേഷിക്കാരും ഇതിനകം വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തി. എല്ലാ പൗരന്മാർക്കും തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്ന് അസം ചീഫ് ഇലക്ടറൽ ഓഫീസർ അനുരാഗ് ഗോയൽ അഭ്യർത്ഥിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ മരണ സമയം ഉച്ചക്ക് 1 മണി, മകൾ തൂങ്ങി മരിച്ചത് അമ്മ ബന്ധുക്കളെ അറിയിച്ചത് രാത്രി 10 മണിക്ക്; തനുശ്രീയുടെ മരണത്തിൽ ദുരൂഹത
ചെന്നൈ-കടലൂർ 175 കിലോമീറ്റർ ദൂരം വിജയുടെ റോഡ്ഷോ, യുവാക്കൾ ബൈക്കുകളിൽ പിന്തുടരുന്നു, റോഡ് ഷോ മാറ്റിവെച്ചു