ദേശീയ പൗരത്വ രജിസ്റ്റർ: അന്തിമ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, അസമില്‍ കനത്ത സുരക്ഷ

By Web TeamFirst Published Aug 31, 2019, 6:54 AM IST
Highlights

പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്. ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

അസം: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസർക്കാർ പട്ടിക പുറത്തിറക്കുക. 41 ലക്ഷത്തോളം പേര്‍ അന്തിമ രജിസ്റ്ററിൽ ഉണ്ടാകില്ലെന്നാണ് സൂചന.

പട്ടികയിൽ നിന്ന് പുറത്തായവരെ ഉടൻ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്. ഇവരുടെ ഭാഗം കേൾക്കുന്നതിന് 1000 ട്രൈബ്യൂണലുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ 100 ട്രൈബ്ര്യൂണലുകൾ പ്രവർത്തിക്കുന്നുണ്ട്. അതേസമയം, ദേശീയ പൗരത്വ രജിസ്റ്റർ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി അസമില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

2018 ജൂലായ് 30- ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം ഉണ്ടായത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു. 

click me!