അസം സംഘർഷം: കുടിയൊഴിപ്പിക്കലിനിടെ കലാപമുണ്ടാക്കിയെന്ന് കേസ്, രണ്ട് പേർ അറസ്റ്റിൽ

By Web TeamFirst Published Sep 27, 2021, 11:29 PM IST
Highlights

കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന ആരോപണമാണ് അസം സർക്കാർ ഉന്നയിക്കുന്നത്

ദില്ലി: അസമിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തു. അസ്മത്ത് അലി അഹമ്മദ്, ചന്ദ് മൗദ് എന്നിവരാണ് അറസ്റ്റിലായത്. കുടിയൊഴിപ്പിക്കലിനിടെ കലാപമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചനയും കൊലപാതകവും അടക്കമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

ധാൽപ്പൂരിൽ നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷം സിബിഐ അന്വേഷിക്കും. സംഭവത്തിൽ പോപ്പുലർഫ്രണ്ട് ബന്ധമെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ആരോപിച്ചതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഘർഷത്തിൽ ഒരു കുട്ടിയടക്കം രണ്ടു പേർ മരിക്കുകയും നിരവധി നാട്ടുകാർക്കും പൊലീസുകാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ  ജുഡീഷ്യൽ അന്വേഷണമാണ് ആദ്യഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നത്

കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന ആരോപണമാണ് അസം സർക്കാർ ഉന്നയിക്കുന്നത്. കുടിയൊഴിപ്പിക്കലുണ്ടാകില്ലെന്ന് പറഞ്ഞ് ചിലയാളുകള്‍ 28 ലക്ഷം രൂപ പിരിച്ചെടുത്തുവെന്നും ഒഴിപ്പിക്കലുണ്ടായതോടെ ഇവര്‍ ആളുകളെ സംഘടിപ്പിച്ച് സംഘർഷമുണ്ടാക്കിയെന്നുമാണ് സർക്കാർ വാദം. ഇവരുടെ പേര് പൊലീസിനറിയാമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഘര്‍ഷത്തില്‍ സർക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്വേഷണം നടുത്തുന്നതാരെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. സംഘർഷത്തില്‍ മരിച്ച രണ്ട് പേരില്‍ ഒരാള്‍ 12 വയസ്സുള്ള കുട്ടിയാണ്. പോസ്റ്റ് ഓഫീസീല്‍ ആധാര്‍ കാർഡ് വാങ്ങാനായി പോയപ്പോഴാണ് 12 കാരനായ ഷെയ്ഖ് ഫരീദ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

click me!