
ദില്ലി:ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിളങ്ങും ജയം. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. മധ്യപ്രദേശില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍നിന്ന് അധികാരം തിരിച്ചുപിടിക്കാന്‍ ബിജെപിക്കായി. മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ മുഖ്യമന്ത്രിമാരെ നരേന്ദ്ര മോദി തീരുമാനിക്കും. രാജസ്ഥാനിൽ വസുന്ധരയടക്കം നിരവധി പേരുകളാണ് പരിഗണനയിലുള്ളത്.
മധ്യപ്രദേശിൽ ചൗഹാനും വിജയ് വർഗീയയും പരിഗണനയിലുണ്ട്. ഛത്തീസ്ഗഡിൽ രമൺസിംഗിനാണ് മുന്‍തൂക്കം. കോൺഗ്രസ് ജയിച്ച തെലങ്കാനയിൽ രേവന്ത് റെഡ്ഢി തതന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡിലെ തോൽവി കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി മാറി. തമ്മിലടിയും സംഘടനാ ദൗർബല്യങ്ങളും ഉലച്ച കോൺഗ്രസിന് മധ്യപ്രദേശിലും രാജസ്ഥാനിലും ലക്ഷ്യം കണ്ട സീറ്റുകളുടെ അടുത്തൊന്നും എത്താനായില്ല. ജാതി കാര്‍ഡും കോണ്‍ഗ്രസിനെ തുണച്ചില്ല. പിന്നാക്ക ഗോത്രവർഗ മേഖലകൾ പാർട്ടിയെ കൈവിട്ടു. എവിടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്തായി മാറുകയാണ്. ബിജെപിയുടെ തിളങ്ങും വിജയത്തിനിടെയും സംസ്ഥാന രൂപീകരണ നാൾ മുതൽ കെസിആർ എന്ന രാഷ്ട്രീയ അതികായനൊപ്പം നിന്ന തെലങ്കാന അദ്ദേഹത്തെ കൈവിട്ടത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ജനവിധിയുമായി മാറി. പിറന്നിട്ട് പത്തു വർഷം മാത്രമായ തെലങ്കാന സംസ്ഥാനത്താണ് കെസിആർ ഭരണയുഗം അവസാനിക്കുന്നത്. ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയ ജനവിധിയിൽ സംസ്ഥാനം രൂപീകരിച്ച ശേഷം ആദ്യമായി കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെന്ന പ്രത്യേകതയമുണ്ട്.
ഓരോ സംസ്ഥാനത്തെയും നിലവിലെ ലീഡ് നില ഇപ്രകാരം
തെലങ്കാന (119)
കോണ്‍ഗ്രസ്- 63
ബിആര്‍എസ് -40
ബിജെപി-9
മറ്റുള്ളവര്‍-7
ഛത്തീസ്ഗഡ് (90)
ബിജെപി- 54
കോണ്‍ഗ്രസ് -36
ജെസിസി-0
മറ്റുള്ളവര്‍-0
രാജസ്ഥാന്‍ (199)
ബിജെപി-115
കോണ്‍ഗ്രസ്-69
മറ്റുള്ളവര്‍-15
മധ്യപ്രദേശ് (230)
ബിജെപി-166
കോണ്‍ഗ്രസ്-63
മറ്റുള്ളവര്‍ -1
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam