
ജയ്‌പൂർ: കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ട രാജസ്ഥാനിൽ നേരത്തെ രണ്ട് സീറ്റുകളിൽ വിജയിച്ച സിപിഎമ്മിന് എന്തുപറ്റി. ബിജെപിക്കും കോൺഗ്രസിനുമെതിരെ മത്സരിച്ച സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയടക്കം എല്ലാവരും ഇത്തവണ തോൽവി ഏറ്റുവാങ്ങി. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യം നീക്കം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെയും കോൺഗ്രസും വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണമുയര്‍ത്തിയാണ് ഇരു കക്ഷികൾക്കുമെതിരെ രാജസ്ഥാനില്‍ സിപിഎം മത്സരിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി അംറാറാം അടക്കം 17 സ്ഥാനാര്‍ത്ഥികളെയായിരുന്നു സിപിഎം ഇക്കുറി നിര്‍ത്തിയിരിക്കുന്നത്. എന്നാൽ ഇവര്‍ക്കെല്ലാം കൂടി .97 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. അംറാറാമിന് 20,082 വോട്ട് മാത്രമാണ് ലഭിച്ചത്. ലീഡ് ചെയ്യുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 93375 വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ ഗുജാനന്ത് കുമാവത്താണ് രണ്ടാം സ്ഥാനത്ത്. അവസാന റൗണ്ട് വോട്ടെണ്ണൽ നടക്കാനിരിക്കെ കോൺഗ്രസ് ഇവിടെ വിജയം ഉറപ്പിച്ചിട്ടുണ്ട്.
ഇന്ത്യ സഖ്യം ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപിക്ക് തുല്യം വര്‍ഗീയ നിലപാടുകളാണ് കോണ്‍ഗ്രസിന്‍റേതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ അംറാറാം പറഞ്ഞിരുന്നു. ജയ്പൂരില്‍ നിന്ന് 200 കിലോമീറ്റർ അകലെയാണ് ദാന്താറാം ഗഡ് മണ്ഡലം. സിപിഎമ്മിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു അംറാറാം.
ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ച് നിന്നാണ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയതെന്നായിരുന്നു അംറാറാമിന്റെ വിമർശനം. സംസ്ഥാനത്ത് ആറ് തവണ എംഎല്‍എയായ അംറാറാം നിലവിൽ അഖിലേന്ത്യാ കിസാന്‍ സഭ ഉപാധ്യക്ഷനാണ്. കിസാന്‍ സഭ അധ്യക്ഷനായിരുന്നപ്പോള്‍ താങ്ങുവിലയടക്കം ആവശ്യങ്ങളുയര്‍ത്തി അംറാറാമിന്‍റെ നേതൃത്വത്തില്‍ സികാര്‍ ജില്ലയില്‍ നടന്ന കര്‍ഷക പ്രക്ഷോഭം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിന്റെ പ്രഭാവത്തിൽ 2018-ലെ തെരഞ്ഞെടുപ്പിൽ രണ്ട സീറ്റുകളായിരുന്നു സിപിഎം നേടിയത്. അവ രണ്ടും ഇത്തവണ കൈവിട്ടു.
2008-ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് മൂന്നു സീറ്റ് ലഭിച്ചതായിരുന്നു ഇടതിന്റെ മികച്ച പ്രകടനം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ധോദ്, അനുപ്ഘര്‍, ഡൂംഗര്‍ഘര്‍ മണ്ഡലങ്ങളിലായിരുന്നു സിപിഎം വിജയം കണ്ടെത്തിയിരുന്നത്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കായിരുന്നു ഇവ. 2008-ന് ശേഷമായിരുന്നു പാര്‍ട്ടിക്ക് ഇവിടങ്ങളിൽ ശക്തി കുറഞ്ഞുവന്നത്. ബിക്കാനീറിലെ ദുൻഗാർഗഡിൽ ഗിർധാരിലാൽ, ഹനുമാൻഗഡ് ജില്ലയിൽ ഭാദ്രാ മണ്ഡലത്തിൽ ബൽവാൻ എന്നിവരായിരുന്നു സിപിഎമ്മിന് വേണ്ടി 2018-ൽ വിജയിച്ചത്. ദുൻഗാര്‍ഗഡിൽ ബിജെപിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനം കോൺഗ്രസും പിടിച്ചപ്പോൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു സിപിഎം. അതേസമയം, 19 -ൽ 18 റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഭാദ്രയിൽ സഞ്ജീവ് കുമാര്‍ ബിജെപിക്ക് വേണ്ടി ലീഡ് ചെയ്യുകയാണ്. രണ്ടാം സ്ഥാനത്തെത്താൻ സിപിഎം സ്ഥാനാര്‍ത്ഥി ഭൽവാൻ പൂനിയക്ക് കഴിഞ്ഞു.
രാജസ്ഥാനിൽ 114 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നേടിയത്. 70 സീറ്റുകളിൽ കോൺഗ്രസും മുന്നിലുണ്ട്. 12 സീറ്റുകളിൽ മറ്റ് പാർട്ടികളും ലീഡ് ചെയ്യുന്നു. സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തിൽ ബിജെപി ഭരണം ഉറപ്പിക്കുമ്പോൾ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യമാണ് മറുതലത്തിൽ ഉയരുന്നത്. പ്രചാരണ വേളയിൽ സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അവതരിപ്പിച്ചിരുന്നില്ലെങ്കിലും വസുന്ധര രാജെ സിന്ധ്യ, ബാബ ബാലക് നാഥ്, ഗദേന്ദ്ര സിംഗ് ശെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം