'സോനാർ ബംഗ്ല'യിൽ കണ്ണ് നട്ട് ബിജെപി, രാഹുലിന് ജനവിധി നിർണായകം, ഇത് ഭാവിയുടെ സൂചിക

Published : Feb 26, 2021, 03:15 PM IST
'സോനാർ ബംഗ്ല'യിൽ കണ്ണ് നട്ട് ബിജെപി, രാഹുലിന് ജനവിധി നിർണായകം, ഇത് ഭാവിയുടെ സൂചിക

Synopsis

മമത ബാനർജിയെ അട്ടിമറിച്ച് ഭരണം പിടിച്ചാൽ അത് സംഘപരിവാറിന് നല്കുന്ന കരുത്ത് ചെറുതായിരിക്കില്ല. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഒഡീഷയിലുമൊക്കെ സമാനവളർച്ചയ്ക്കുള്ള ബിജെപി നീക്കത്തിന് അത് ഇരട്ട എഞ്ചിൻ ഊർജ്ജം നല്കും. 

ദില്ലി: ദേശീയ സ്ഥിതിയിൽ വൻ മാറ്റങ്ങൾക്ക് ഇടയാക്കില്ലെങ്കിലും ഭാവി  രാഷ്ട്രീയത്തിലേക്ക് സുപ്രധാന സൂചനകൾ നല്കുന്നതാകും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം. പശ്ചിമബംഗാൾ പിടിക്കാൻ ബിജെപിക്കായാൽ സംഘപരിവാറിനത് ചരിത്ര മുന്നേറ്റമാകും. കോൺഗ്രസിനുള്ളിൽ തന്നെ എതിർപ്പുയരുമ്പോൾ കേരളത്തിലെ ഫലം രാഹുൽ ഗാന്ധിക്ക് ഏറെ നിർണ്ണായകമാണ്. ഇടതുപക്ഷത്തിൻറെ നിലനില്പിനും ഈ തെരഞ്ഞെടുപ്പ് പ്രധാനമാണ്.

ദില്ലി അതിർത്തികളിലെ കർഷക സമരം തുടരമ്പോഴാണ് അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം സർക്കാരിനുണ്ടാക്കിയത് വലിയ പ്രതിച്ഛായ നഷ്ടമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കാനുള്ള സാധ്യതയില്ലെന്ന് എന്നാൽ ഭരണപക്ഷം വിലയിരുത്തുന്നു. എങ്കിലും വോട്ടെടുപ്പിന് മുമ്പ് സമരം തീർക്കാനുള്ള നീക്കം പ്രതീക്ഷിക്കാം. പശ്ചിമബംഗാൾ ഫലത്തിനായി കാത്തിരിക്കുകയാണ്. ബിജെപിക്ക് കടന്നുകയറാൻ കഴിയാത്ത പല സംസ്ഥാനങ്ങളും ഉണ്ടായിരുന്നു. അതിലൊന്നായ പശ്ചിമ ബംഗാളിൽ നേടിയ 18 സീറ്റാണ് 2019ൽ ലോക്സഭയിൽ 303 കടക്കാൻ നരേന്ദ്ര മോദിയെ സഹായിച്ചത്. വംഗനാട് പിടിക്കാൻ എല്ലാ അടവും ബിജെപി പുറത്തെടുക്കുന്നു. മമത ബാനർജിയെ അട്ടിമറിച്ച് ഭരണം പിടിച്ചാൽ അത് സംഘപരിവാറിന് നല്കുന്ന കരുത്ത് ചെറുതായിരിക്കില്ല. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഒഡീഷയിലുമൊക്കെ സമാനവളർച്ചയ്ക്കുള്ള ബിജെപി നീക്കത്തിന് അത് ഇരട്ട എഞ്ചിൻ ഊർജ്ജം നല്കും. നരേന്ദ്രമോദിയുടെ അപ്രമാദിത്വം തുടരും. ഉത്തർപ്രദേശിലുൾപ്പടെ വിജയസാധ്യത ഉയരും. രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെത്താനും ഇപ്പോൾ തന്നെ നൂറിലേക്കെത്തുന്ന ബിജെപിക്ക് വൈകാതെ കഴിയും. 

ഈ യുദ്ധത്തിൽ തൃണമൂൽ കോൺഗ്രസ് പിടിച്ചു നിന്നാൽ പ്രതിപക്ഷ രാഷ്ട്രീയം മമത ബാനർജിക്കു ചുറ്റും കേന്ദ്രീകരിക്കും. അസമിലെയും ബംഗാളിലെയും ഫലം പൗരത്വനിയമമഭേദഗതിയുടെ ഭാവിയും തീരുമാനിക്കും. അസമിലെ ഭരണതുടർച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സാന്നിധ്യം നിലനിറുത്താൻ ബിജെപി സഹായിക്കും. ഈ രണ്ടു സംസ്ഥാനങ്ങളിലെയും തോൽവി എന്നാൽ നരേന്ദ്രമോദിക്ക് വലിയ ക്ഷീണമാകും. കോൺഗ്രസ് പ്രധാന ശക്തികളിലൊന്നാണ് വോട്ടെടുപ്പ് നടക്കുന്ന മുന്നു സംസ്ഥാനങ്ങളിൽ. അസമിലും കേരളത്തിലും ആഞ്ഞുപിടിച്ചാൽ ഭരണത്തിലെത്താനുള്ള സാഹചര്യമുണ്ട്. കേരളത്തിലെങ്കിലും ഭരണം നേടിയില്ലെങ്കിൽ വലിയ കലാപം പാർട്ടിയിൽ പ്രതീക്ഷിക്കാം. യുപിയിൽ ഉൾപ്പടെ നടത്തുന്ന നീക്കങ്ങളെയും ബാധിക്കും. തമിഴ്നാട്ടിലെ ഫലം ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കുന്ന സ്വാധീനം ചെറുതായിരിക്കും. ദ്രാവിഡ പാർട്ടികളുടെ ഭാവിയാകും അവിടുത്തെ വോട്ടർമാർ നിശ്ചയിക്കുക.

പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണം പോയ ഇടതുപക്ഷത്തിന് കേരളത്തിലെങ്കിലും ഇത് നിലനിറുത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിൻറെ നിലനില്പിനും നിർണ്ണായക സൂചന നല്കും ഈ തെരഞ്ഞെടുപ്പ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം
യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം