
ഥാര്‍: മധ്യപ്രദേശിൽ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി. മോഷണത്തിനിടെയുള്ള കൊലപാതകമായി ആദ്യം കരുതിയ കേസിൽ നിർണായക വഴിത്തിരിവാണ് പിന്നീടുണ്ടായത്. കൊട്ടേഷന് നല്കിയ പ്രിയങ്ക പുരോഹിത് , കമലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഥാർ ജില്ലയിലെ ഗോണ്ടിഖേദചരൺ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് 27 കാരിയായ പ്രിയങ്ക പുരോഹിത് സ്വന്തം ഭർത്താവ് ദേവ്കൃഷ്ണയെ കൊട്ടേഷൻ കൊടുത്ത് കൊന്നത്. കാമുകനായ കമലേഷാണ് വാടക കൊലയാളിയായ സുരേന്ദ്രയ്ക്ക് കൊട്ടേഷൻ നൽകിയത്. ഒരു ലക്ഷം രൂപയും നൽകി.
ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ മൂന്നു നാല് അക്രമികളെത്തി ഭർത്താവിനെ കൊന്ന് മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നുവെന്നായിരുന്നു പ്രിയങ്ക പൊലീസിനോട് പറഞ്ഞത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണ കാരണം. എന്നാൽ പോലീസ് പരിശോധനയിൽ വീടിനകത്ത് ആഭരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സാഹചര്യ തെളിവുകളും ഭാര്യയുടെ മൊഴി കള്ളമാണെന്ന സംശയം ബലപ്പെടുത്തി. തുടർന്ന് 6 മണിക്കൂർ തുടർച്ചയായി പ്രിയങ്കയെ ചോദ്യം ചെയ്തതോടെ യഥാർത്ഥ കാരണം വ്യക്തമായി, പ്രിയങ്കയുടെ മൊബൈലിലെ തെളിവുകളും കേസിൽ നിർണായകമായി.
പ്രിയങ്കയെയും കമലേഷിനെയും പോലീസ് ഉടൻ കോടതിയിൽ ഹാജരാക്കും. വാടക കൊലയാളി സുരേന്ദ്ര ഒളിവിലാണ്, ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ വർഷം ഏറെ വിവാദമായ രാജാ രഘുവന്ശി കൊലപാതക കേസിനോടാണ് ഈ കേസിനെ താരത്മ്യം ചെയ്യുന്നത്. ഇന്ദോർ സ്വദേശിയായ രാജാ രഘുവന്ശിയെ ഹണിമൂണിനിടെ മേഘാലയയില് വച്ചാണ് ഭാര്യ സോനം സമാന രീതിയില് കൊട്ടേഷന് കൊടുത്ത് കൊലപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam