തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്‍യുടെ പ്രസംഗം ക്ലാസ്മുറിയിൽ സംപ്രേഷണം ചെയ്ത സംഭവത്തിൽ നടപടി. സ്കൂളിലെ ഹെഡ്മിസ്ട്രസിനെ സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ഇക്കഴിഞ്ഞ ദിവസം വിജയ് കരൂരിൽ നടത്തിയ പ്രസംഗമാണ് തത്സമയം സംപ്രേഷണം ചെയ്തത്.
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ സ്കൂളിൽ മുഖ്യമന്ത്രി വിജയ്‍യുടെ പ്രസംഗം സംപ്രേഷണം ചെയ്ത സംഭവത്തിൽ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റേതാണ് നടപടി. സ്കൂൾ സമയത്ത് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രസംഗം കാണുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആണ് സംസ്ഥാന സർക്കാർ ഹെഡ്മിസ്ട്രസിനെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ഹെഡ്മിസ്ട്രസിൻ്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജ്മോഹൻ വിശദീകരിച്ചു.
കൃഷ്ണരായപുരത്തെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിലാണ് മുഖ്യമന്ത്രി വിജയ് കരൂരിൽ നടത്തിയ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത്. സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എസ് മല്ലികയ്ക്കെതിരെയാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഹെഡ്മിസ്ട്രസ് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ലംഘിച്ചുവെന്നും ഔദ്യോഗിക കൃത്യവിലോപം നടത്തിയെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹെഡ്മിസ്ട്രസിനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതായും ഉത്തരവിൽ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നും ലൈവ് സ്ട്രീമിങ് നടത്താനുള്ള തീരുമാനം ഹെഡ്മിസ്ട്രസ് സ്വയം എടുത്തതാണെന്ന് കണ്ടെത്തിയെന്നും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജ്മോഹൻ എക്സിലൂടെ അറിയിച്ചു. അധ്യാപികയെ സസ്പെൻഡ് ചെയ്യുകയാണ്. സമാനമായ മറ്റൊരു സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. സ്കൂളുകളിൽ രാഷ്ട്രീയത്തിന് യാതൊരു സ്ഥാനവുമില്ലെന്നും മന്ത്രി അറിയിച്ചു. സ്കൂളുകളിൽ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രവേശനം വിരോധിച്ചു സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്തുള്ള ഹെഡ്മിസ്ട്രസിന്റെ നടപടി.
നേരത്തെ, ഭരണകക്ഷിയായ ടിവികെയുടെ പ്രവർത്തകർ സ്കൂൾ ക്യാമ്പസിനുള്ളിൽ മുഖ്യമന്ത്രി വിജയ്‍യുടെ ജന്മദിനം ആഘോഷിച്ചതും വിവാദമായിരുന്നു. സംഭവത്തിൽ ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ, വ്യവസായ മന്ത്രി എസ് കീർത്തന സർക്കാർ സ്കൂളിൽ നടത്തിയ സന്ദർശനത്തിനിടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തെ ചോദ്യം ചെയ്തതും വിമർശനത്തിന് വഴിവെച്ചിരുന്നു.


