
പനാജി: ഗോവയിലെ ഷിർഗാവോയിൽ ദേവി ക്ഷേത്രത്തിൽ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം. അമ്പതിൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജിഎംസി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോവയിലെ ഷിർഗാവോയിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്.
വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നുമുള്ള ഭക്തർ സത്രയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ആയിരക്കണക്കിന് ഭക്തർ കത്തുന്ന തീക്കനലുകളിലൂടെ നഗ്നപാദരായി നടക്കുന്നതാണ് സത്രയുടെ പ്രത്യേകത. ഇന്ന് പുലർച്ചയോടെ ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെടുകയും, പിന്നാലെ ഉന്തിലും തള്ളിലും 7 പേർ മരിക്കുകയായിരുന്നു. ആറ് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരുടേയും നില ഗുരുതരമല്ലെന്നുമാണ് റിപ്പോർട്ടുകൾ. സംഭവത്തെത്തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോർത്ത് ഗോവ ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ കിടത്തിയിരിക്കുന്ന ബിച്ചോളിം ആശുപത്രിയിലും പ്രമോദ് സാവന്ത് സന്ദർശനം നടത്തി. എങ്ങനെ തിരക്കുണ്ടായി, ഇത്തരമൊരു അപകടത്തിലേക്ക് എങ്ങനെ എത്തി എന്നതടക്കം അന്വേഷിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam