അടൽ സേതു: സെൽഫി പിഴയായി ഈടാക്കിയത് 12 ലക്ഷം രൂപ, ചുമത്തിയത് 1612 പേർക്ക്, ഒരു മാസത്തെ ടോൾ 14 കോടി രൂപ

Published : Feb 16, 2024, 10:57 AM IST
അടൽ സേതു: സെൽഫി പിഴയായി ഈടാക്കിയത് 12 ലക്ഷം രൂപ, ചുമത്തിയത് 1612 പേർക്ക്, ഒരു മാസത്തെ ടോൾ 14 കോടി രൂപ

Synopsis

ഒരു ദിവസം ശരാശരി 27,100 വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നുവെന്നാണ് കണക്ക്. 40,000 വാഹനങ്ങള്‍ പ്രതിദിനം കടന്നുപോകുമെന്നാണ് കണക്കുകൂട്ടിയിരുന്നത്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവിൽ (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എംടിഎച്ച്എല്‍)  വാഹനം നിർത്തി സെല്‍ഫി എടുത്ത 1612 പേർക്ക് പിഴ ചുമത്തി. 12 ലക്ഷത്തിലധികം രൂപ പിഴയിനത്തില്‍ മാത്രമായി ലഭിച്ചു. മുംബൈ പൊലീസും നവി മുംബൈ പൊലീസുമാണ് പിഴ ചുമത്തിയത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമാകുമ്പോഴുള്ള കണക്കാണിത്. 

പാലത്തില്‍ വാഹനം പാർക്ക് ചെയ്ത് ഫോട്ടോകളെടുക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പാലത്തില്‍ വാഹനം നിർത്തിയിടുന്നതു മൂലമുള്ള അപകടം ഒഴിവാക്കാന്‍ പൊലീസ് സംഘം സ്ഥിരമായി പട്രോളിംഗ് നടത്തുകയും പിഴ ചുമത്തുകയും ചെയ്യുന്നു. നവി മുംബൈ പൊലീസ് 1387 പേർക്കും മുംബൈ പൊലീസ് 225 പേർക്കുമാണ് പിഴ ചുമത്തിയത്. പിഴയിനത്തിൽ നവി മുംബൈ പൊലീസ് 10.99 ലക്ഷം രൂപയും മുംബൈ പൊലീസ് 1.12 ലക്ഷം രൂപയുമാണ് പിരിച്ചത്. 

ജനുവരി 12 മുതല്‍ ഫെബ്രുവരി 13 വരെയുള്ള കണക്ക് പ്രകാരം 8.13 ലക്ഷം വാഹനങ്ങളാണ് അടല്‍ സേതു വഴി കടന്നുപോയത്. ടോളായി 13.95 കോടി രൂപ പിരിച്ചു. കടന്നുപോയ വാഹനങ്ങളില്‍ 7.97 ലക്ഷവും കാറുകളാണ്. ഒരു ദിവസം ശരാശരി 27,100 വാഹനങ്ങള്‍ പാലത്തിലൂടെ കടന്നുപോകുന്നുവെന്നാണ് കണക്ക്. 40,000 വാഹനങ്ങള്‍ പ്രതിദിനം കടന്നുപോകുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ പ്രതീക്ഷിച്ച പോലെ പാലത്തിലൂടെ കടന്നുപോകുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ഭാവിയില്‍ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം കൂടുമെന്നും അധികൃതർ പറഞ്ഞു. 

കാറിന് ഒരു തവണ 250 രൂപയാണ് ടോള്‍. ഇരു ഭാഗങ്ങളിലേക്കും സഞ്ചരിക്കാന്‍ 300 രൂപ നല്‍കണം. 1200 വാഹനങ്ങൾ അനുവദനീയമായ 100 കിലോമീറ്റർ എന്ന വേഗ പരിധി മറികടന്നതായി 368 ഹൈ സ്പീഡ് ക്യാമറകളിലായി റെക്കോർഡ് ചെയ്തു. 100 എന്ന പരിധി കടക്കരുതെന്ന് അധികൃതര്‍ നിർദേശിച്ചു. വേഗപരിധി മറികടക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. 

സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എല്‍. കടലിൽ 16.50 കിലോമീറ്ററും കരയിൽ 5.50 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. റോഡിലൂടെ രണ്ട് മണിക്കൂറാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ആലോചന തുടങ്ങിയ പദ്ധതിയാണിത്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. കഴിഞ്ഞ മാസമാണ് നിര്‍മാണം പൂര്‍ത്തിയായത്. അടിയിലൂടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ