'മാഫിയ സംഘമാകാനായിരുന്നു ശ്രമം'; ആതിഖിന്‍റെയും സഹോദരന്‍റെയും കൊല പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി

Published : Apr 16, 2023, 01:16 PM IST
'മാഫിയ സംഘമാകാനായിരുന്നു ശ്രമം'; ആതിഖിന്‍റെയും സഹോദരന്‍റെയും കൊല പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി

Synopsis

കൊലയിലൂടെ യുപിയിലെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ദില്ലി: മുന്‍ എം പി ആതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ വെടിവച്ചു കൊന്നത് പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി. കൊലയിലൂടെ യുപിയിലെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലുള്ള മൂന്ന് പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേരെയും പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ യുപി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. 

അതീവസുരക്ഷ വലിയത്തിലായിരുന്ന മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെടുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി പുറത്തു വന്നത്. യുപി പൊലീസിനെതിരെ നിരവധി ചോദ്യങ്ങൾ സംഭവത്തിന് ശേഷം ഉയരുകയാണ്. ഉമേഷ് പാൽ കൊലപാതകക്കേസിൽ അതീഖിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മുന്നു പേർ വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് പിടികൂടിയത്. ആസൂത്രിതമായിട്ടായിരുന്നു പ്രതികളുടെ നീക്കം. 

വെള്ളിയാഴ്ച്ച രാത്രി പ്രയാഗ് രാജിൽ എത്തിയ പ്രതികൾ റെയിൽവേ സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ താമസിച്ചു. തുടർന്ന് അതീഖിനെ ശനിയാഴ്ച്ച രാത്രി മെഡിക്കൽ കോളേജിൽ എത്തിക്കുമെന്ന വിവരം ലഭിച്ചതോടെ മാധ്യമപ്രവർത്തകരുടെ വേഷത്തിൽ അവിടേക്ക് നീങ്ങി. യൂട്യൂബ് വാർത്ത ചാനലിന്റെ മൈക്ക് ഐഡിയും ക്യാമറുമായി അരമണിക്കൂർ മുമ്പ് എത്തിയാണ് പ്രതികൾ മാധ്യമപ്രവർത്തകർക്കൊപ്പം നിന്നത്. പൊലീസ് കാവൽ മറികടന്ന് പോയിൻറ് ബ്ളാങ്കിൽ നിറയൊഴിച്ചാണ് ഇവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കൈകളുയർത്തി പ്രതികൾ കീഴടങ്ങുകയായിരുന്നു. നേരത്തെയും ഇവർക്കെതിരെ കേസുകളുണ്ടായിരുന്നുവെന്നാണ് പ്രതികളുടെ കുടുംബത്തിന്റെ പ്രതികരണം. അറസ്റ്റിലായ മൂന്ന് പേര്‍ക്ക് പുറമേ തിരിച്ചറിയാനാകാത്ത മറ്റു രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ ചോദ്യം ചെയ്തു. ഇവർക്ക് ചില സംഘടനകളുമായി ബന്ധമുണ്ട് എന്ന റിപ്പോർട്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. വലിയ പൊലീസ് സന്നാഹത്തിലാണ് സാധാരണ അതീഖിനെ കോടതിയിൽ അടക്കം എത്തിയിച്ചിരുന്നത്.ഇന്നലെ മതിയായ സുരക്ഷ ഇല്ലാതെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ആരോപണം അതീഖിന്റ അഭിഭാഷകൻ ഉന്നയിച്ചിട്ടുണ്ട്. അതീഖിനെ എത്തിച്ച കൃത്യം സമയം പ്രതികൾക്ക് ചോർന്നു കിട്ടിയതെങ്ങനെ എന്ന ചോദ്യവും ഉയരുന്നു. സംഭവത്തിൽ യുപി സർക്കാർ ഇന്നലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പതിനേഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ഇത്രയടുത്തെത്തി പ്രതികൾക്ക് ഈ കൊലപാതകം നടത്താനുള്ള സഹായം ആര് നല്‍കി എന്നതാണ് ഇനി വ്യക്തമാകേണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം
നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'