
തിരുവനന്തപുരം: മുംബൈ വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ കിളിമാനൂർ സ്വദേശി ഫെബിൻ ഷായെ, കേസ് അന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സേന മുംബൈയിലേക്ക് കൊണ്ടുപോയി. കേസിൽ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണത്തിന്റെ ഭാഗമായുമാണ് മുംബൈയിലക്ക് കൊണ്ടുപോയത്. ഇ-മെയിൽ വഴിയാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായി ഫെബിൻ ഷാ ഭീഷണി സന്ദേശം അയച്ചത്. പ്രതിയുടെ ലാപ്ടോപ്പും മൊബൈലും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇ-മെയിലിന്റെ ഐപി വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുംബൈ തീവ്രവാദ വിരുദ്ധ സേന ഫെബിനെ പിടികൂടുന്നത്. കഴിഞ്ഞ വ്യായാഴ്ചയാണ് ഭീഷണി സന്ദേശം അയച്ചത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറണ്ട് വാങ്ങിയാണ് എടിഎസ് മുംബൈയിലേക്ക് കൊണ്ടുപോയത്. എന്നാൽ സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്നും ഓഹരി വിപണിൽ തിരിച്ചടി നേരിട്ടതിലെ പ്രതിഷേധമാണ് ഭീഷണി സന്ദേശത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.