
പിള്ളയാർപട്ടി: തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ തിരുവള്ളുവര്‍ പ്രതിമയ്ക്ക് നേരെ ആക്രമണം. ഒരു വിഭാഗം പേര്‍ തിരുവള്ളുവറിന്‍റെ പ്രതിമയില്‍ ചാണകം തളിച്ചു. തഞ്ചാവൂരിലെ പിള്ളയാർപട്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിന് സമീപം സ്ഥാപിച്ച പ്രതിമയിലാണ് അഞ്ജാതർ ചാണകം തളിച്ചത്. പ്രതിമയുടെ കണ്ണ് പേപ്പറും മണ്ണും ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ തമിഴ് യൂണിവേഴ്സിറ്റി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പ്രതിമ വൃത്തിയാക്കി. പൊലീസ് ഉദ്യോഗസ്ഥർ പ്രതിമയിൽ പൂമാലയും ചാർത്തി.
അക്രമത്തിനെതിരെ ഒരു വിഭാഗം തമിഴ് അനുകൂലികൾ സ്ഥലത്ത് പ്രതിഷേധിച്ചു. അക്രമം നടത്തിയവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികൾക്കായുള്ള അന്വേഷണത്തിലാണ്.
തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ നേരത്തെ ബിജെപി പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ബിജെപിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ഡിഎംകെയും സിപിഎമ്മും രംഗത്തെത്തിയിരുന്നു. തിരുവള്ളുവറിനെ ഹിന്ദുവായി ചിത്രീകരിക്കാനാണ് ബിജെപി നീക്കമെന്നും ഇത് അനുവദിക്കില്ലെന്നും ഡിഎംകെ വ്യക്തമാക്കിയിരുന്നു. തിരുവള്ളുവര്‍ കാവി വസ്ത്രവും രുദ്രാക്ഷവും ധരിച്ച രീതിയിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും നിലവിലെ സംഭവവും തമ്മിൽ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam