
ദില്ലി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഈ രീതിയിൽ തുടരാനാകില്ലെന്ന് പറഞ്ഞ സുപ്രീം കോടതി വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ടു. . ഒരു ന്യായവും ഈക്കാര്യത്തിൽ കേൾക്കണ്ട എന്നും കോടതി വ്യക്തമാക്കി.
വായു മലിനീകരണം അതിരൂക്ഷമായതിനെ തുടർന്നുള്ള ആരോഗ്യ അടിയന്തരാവസ്ഥ ദില്ലിയിൽ തുടരുന്നതിനിടെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീംകോടതി കടുത്ത വിമർശനങ്ങളുന്നയിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ഇതേ സ്ഥിതി ദില്ലിയിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി നിലവിലെ സാഹചര്യങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്ന് ചൂണ്ടിക്കാട്ടി.
സർക്കാർ സംവിധാനം വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര അര മണിക്കൂറിനുള്ളിൽ കോടതിയിൽ പരിസ്ഥിതി വിദഗ്ധൻ എത്തണം എന്ന് നിർദേശിച്ചു. പരിസ്ഥിതി വിദഗ്ധൻ എത്താനായി കേസ് അര മണിക്കൂറേക്ക് മാറ്റി വച്ചു.
വായുമലിനീകരണത്തിന്റെ പേരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപോരിനെതിരെയും കോടതി ശബ്ദമുയർത്തി. പ്രശ്നപരിഹാരത്തിനല്ല, കണ്ണിൽ പൊടിയിടാനാണ് എല്ലാവരും ശ്രമിക്കുന്നത്. എല്ലാ വർഷവും ഇത് ആവർത്തിക്കുകയാണ്, രാഷ്ട്രീയമല്ല പകരം മലിനീകരണത്തിന് പരിഹാരമാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
Read More: ദില്ലിയിലെ വായു മലിനീകരണം: കേന്ദ്ര സർക്കാർ എന്തു ചെയ്തുവെന്ന് ആം ആദ്മി പാർട്ടി
വായുമലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ ഒറ്റ- ഇരട്ട നമ്പർ വാഹനനിയന്ത്രണം നടപ്പാക്കി തുടങ്ങി. ഇന്ന് മുതല്‍ ഈ മാസം 15 വരെയാണ് വാഹനനിയന്ത്രണം. ദില്ലി കൂടാതെ ഉത്തർപ്രദേശ് ,ബീഹാർ സംസ്ഥാനങ്ങളിലും വായു മലിനീകരണതോത് ഉയരുകയാണ്. സംസ്ഥാനങ്ങളിലെ സ്ഥിതി 24 മണിക്കൂറും നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam