
ചെന്നൈ: മുൻകൂട്ടി ടിക്കറ്റെടുക്കാനുള്ള നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്നതാണ് പുതിയ നിയമം. ദീർഘ ദൂര ട്രെയിനുകളിൽ യാത്രയ്ക്ക് 120 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിച്ചിരുന്ന നിയമമാണ് റെയിൽവേ മാറ്റുന്നത്. ഇനി മുതൽ യാത്രയ്ക്ക് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റെടുക്കാനാകൂ. നവംബർ ഒന്നിന് പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ്, പ്രിൻസിപ്പൽ ചീഫ് കോമേഴ്സ്യൽ മാനേജർമാർക്ക് കത്തയച്ചു.
4 മാസം മുൻപ് ബുക്ക് ചെയ്തശേഷം യാത്രയടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം
വരുത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. 60 ദിവസമെന്ന പരിധി വരുമ്പോൾ യാത്രകൾ കൃത്യമായി ക്രമീകരിക്കാനാകും. ട്രെയിനുകളുടെ സമയക്രമത്തിൽ അടക്കം വരുന്ന മാറ്റങ്ങൾ ടിക്കറ്റെടുത്തവരെ പ്രതികൂലമായി ബാധിക്കുന്ന സംഭവങ്ങൾ ഒഴിവാക്കാനാകുമെന്നും റെയിൽവേ പറയുന്നു. നവംബർ ഒന്നിന് മുൻപ് ടിക്കറ്റെടുക്കുന്നവർ പുതിയ നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും റെയിൽവേ വ്യക്തമാക്കി. അതേസമയം, വിദേശ വിനോദസഞ്ചാരികൾക്ക് 365 ദിവസം മുൻപ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും.
യാത്രക്കാരെ സഹായിക്കാനാണ് മാറ്റങ്ങളെന്നാണ് റെയിൽവേ വിശദീകരണം. എന്നാൽ മുൻകൂട്ടിയുള്ള ബുക്കിംഗ് 60 ദിവസത്തിലേക്ക് ചുരുക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവു വരുത്തുമെന്നാണ് സൂചന.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam