
ദില്ലി: മൂന്നാം തവണയും ദില്ലിയില്‍ ആം ആദ്മി പാർട്ടി നേടിയ വമ്പൻ വിജയത്തില്‍ ആഹ്ലാദത്തിമിർപ്പിലായിരുന്നു പാർട്ടി പ്രവർത്തകർ. ഇവർക്കൊപ്പം താരമായി മറ്റൊരാള്‍ ഉണ്ടായിരുന്നു. മഫ്ളർ കൊണ്ട് ചെവിമൂടി കഴുത്തിൽ ചുറ്റി. കുഞ്ഞുതൊപ്പിയും കണ്ണടയും വച്ച്, മെറൂൺ കളർ ജാക്കറ്റണിഞ്ഞ 'കുഞ്ഞൻ കെജ്‍രിവാളാ'യിരുന്നു വിജയവേളയിലെ സൂപ്പർ താരം. വിജയം ഏകദേശം ഉറപ്പായിക്കഴിഞ്ഞ സാഹചര്യത്തിൽ ആംആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റർ പേജിലും ഈ കുഞ്ഞന്റെ ഫോട്ടോ പങ്കിട്ടിരുന്നു.
അവ്യാൻ തോമർ എന്നാണ് ഈ ഒരു വയസ്സുകാരൻ 'കുഞ്ഞൻ കെജ്‍രിവാളി'ന്റെ പേര്. അച്ഛന്റെ തോളിലേറി വന്ന ഈ കുട്ടിക്കുറുമ്പൻ നിമിഷ നേരം കൊണ്ടാണ് ട്വിറ്ററില്‍ താരമായി മാറിയത്. 2500ലേറെ തവണയാണ് അവ്യാന് തോമറിന്റെ ചിത്രം റീ ട്വീറ്റ് ചെയ്തത്. 'മഫ്ളര്‍മാന്‍' എന്ന തലക്കെട്ടും പുഞ്ചിരിക്കുന്ന സ്മൈലിയും ചേർത്താണ് ആംആദ്മി അവ്യാന്റെ ചിത്രം പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇരുത്തയ്യായിരത്തിലേറെപ്പേരാണ് ചിത്രത്തിന് ലൈക്ക് രേഖപ്പെടുത്തിയത്.
അവ്യാന്റെ പിതാവ് രാഹുല്‍ ആം ആദ്മി പാര്‍ട്ടി അനുയായിയും ചെറുകിട വ്യാപാരിയുമാണ്. 2015 ലെ ദില്ലി തെരഞ്ഞെടുപ്പിൽ അവ്യാന്റെ സഹോദരി ഫെയറി കെജ്‍രിവാളിന്റെ വേഷത്തിലെത്തിയിരുന്നു. ഫെയറിക്ക് ഇപ്പോൾ ഒൻപത് വയസ്സുണ്ട്. അന്ന് രാം ലീല മൈതാനത്ത് സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോഴും കെജ്‍രിവാളിന്റെ വേഷത്തിൽ ഫെയറിയും എത്തിയിരുന്നു. 2011 ൽ അണ്ണാ ഹസാരെയ്ക്കൊപ്പം പ്രവർത്തിക്കുന്ന സമയം മുതൽ കെജ്‍രിവാളിന്റെ ആരാധകനായിരുന്നു താനെന്ന് അവ്യാന്റെ പിതാവ് തോമർ വെളിപ്പെടുത്തുന്നു. കേജ്രിവാളിന്റെ സത്യസന്ധതയും പ്രതിജ്ഞാബന്ധതയുമാണ് തങ്ങളെ ആകര്‍ഷിച്ചതെന്ന് അവ്യാന്റെ അമ്മ മീനാക്ഷി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam