അയോധ്യ അധ്യായത്തിന് തിരശ്ശീല വീഴുന്നു; സംഘപരിവാറിന് ഇത് രാഷ്ട്രീയ വിജയം

By Web TeamFirst Published Sep 30, 2020, 4:28 PM IST
Highlights

ഇന്ത്യയെ പിടിച്ചു കുലുക്കിയ ഒരു വിഷയത്തിന് ഈ വിധിയോടെ ഏതാണ്ട് തിരശ്ശീല വീഴുകയാണ്. എന്നാൽ അയോധ്യ സൃഷ്ടിച്ച വിഭജനവും മുറിവും പരിഹരിക്കാൻ വിചാരണ കോടതിയുടെ ഈ വിധിക്കും കഴിയില്ല എന്നതാണ് സത്യം. 

ദില്ലി: വിഭജനത്തിനു ശേഷം ഇന്ത്യയെ പിടിച്ചു കുലുക്കിയ കേസിൽ 28 വർഷത്തിനിപ്പുറം വന്ന വിധി സംഘപരിവാറിന് വൻ രാഷ്ട്രീയ നേട്ടമായി. ലിബർഹാൻ കമ്മീഷൻറെ കണ്ടെത്തലുകൾ ഏല്പിച്ച തിരിച്ചടി ആർഎസ്എസും ബിജെപിയും ഇതിലൂടെ മറികടക്കുന്നു. രാമക്ഷേത്ര നിർമ്മാണം തുടങ്ങിയതിനു പിന്നാലെ വന്ന ഇന്നത്തെ വിധിയോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അയോധ്യ അധ്യായത്തിന് ഏതാണ്ട് തിരശ്ശീല വീഴുകയാണ്.

അയോധ്യയുടെ തെരുവിൽ 28 വർഷം മുമ്പ്  ജയ് ശ്രീറാം വിളികൾ മുഴങ്ങുമ്പോൾ അത് ഇന്ത്യയിലെ മുഖ്യധാരാ മുദ്രാവാക്യമായിരുന്നില്ല. എന്നാൽ,  ഇന്ന് സ്ഥിതി മാറി.  പ്രധാനമന്ത്രിക്ക് രാമക്ഷേത്രത്തിന് തറക്കല്ലിടാം. അയോധ്യയിലെ ഒരുകാലത്തെ തർക്കഭൂമിയിൽ ജയ്ശ്രീറാം മുഴക്കാം. ഇന്ത്യൻ രാഷ്ട്രീയം ആകെ മാറിമറിഞ്ഞു എന്ന് സാരം.

അയോധ്യയുടെ തെരുവുകളിൽ 28 വർഷം മുമ്പ് കണ്ടത് രാഷ്ട്രീയത്തിൻറെ അരികോ മുക്കോ ആയിരുന്നെങ്കിൽ ഇന്നത് മുഖ്യധാരയാണ്. ആ മുഖ്യധാരയെ ഊട്ടിയുറപ്പിക്കുന്നു ലക്നൗവിലെ വിചാരണ കോടതി വിധി.  ആർഎസ്എസ്, ബിജെപി, ബജ്രംഗ്ദൾ, ശിവസേന, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ ആസൂത്രണം പള്ളി തകർക്കുന്നതിലേക്ക് നയിച്ചു എന്നായിരുന്നു ജസ്റ്റിസ് ലിബർഹാൻ കമ്മീഷൻറെ നിലപാട്. പ്രത്യേക കോടതി ജഡ്ജിയുടെ വിധിയിലൂടെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന വ്യക്തിയുടെ റിപ്പോർട്ട് ഏല്പിച്ച ആ ആഘാതം ഈ സംഘടനകൾ മറികടക്കുന്നു. 28 വർഷമായി കേസിലെ പ്രതിയായ അദ്വാനിക്ക് വൈകിയെങ്കിലും ഈ ക്ളീൻ ചിറ്റ് നല്കുന്ന ആശ്വാസം ചെറുതല്ല. വിചാരണ കോടതിയുടെ ഈ വിധി ഏറെ പ്രധാനപ്പെട്ടതാണ്. ഞങ്ങൾക്ക് ഏറെ സന്തോഷം നല്കുന്നതാണ് എന്നാണ് എൽ കെ അദ്വാനിയുടെ പ്രതികരണം.

ക്ലീൻ ചിറ്റ് കിട്ടിയെങ്കിലും ഇനി ബിജെപിക്കുള്ളിൽ ഒരു അങ്കത്തിനുള്ള ശേഷി  മുരളീമനോഹർ ജോഷിക്കോ ഇല്ല. രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടിയെങ്കിൽ അയോഗ്യത നേരിടുമായിരുന്ന ബിജെപി എംപിമാർക്ക് വിധി നേട്ടമായി. രണ്ടായിരത്തി പതിനാലിലും രണ്ടായിരത്തി പത്തൊമ്പതിലും അയോധ്യ തെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ല. അടുത്ത യുപി തെരഞ്ഞെടുപ്പിലും 2024ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും രാമക്ഷേത്ര നിർമ്മാണം ചെറിയ സ്വാധീനം ചെലുത്തിയേക്കാം. ഇന്ത്യയെ പിടിച്ചു കുലുക്കിയ ഒരു വിഷയത്തിന് ഈ വിധിയോടെ ഏതാണ്ട് തിരശ്ശീല വീഴുകയാണ്. എന്നാൽ അയോധ്യ സൃഷ്ടിച്ച വിഭജനവും മുറിവും പരിഹരിക്കാൻ വിചാരണ കോടതിയുടെ ഈ വിധിക്കും കഴിയില്ല എന്നതാണ് സത്യം. 

click me!