
അയോധ്യ: അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട് സുന്നി വഖഫ് ബോർഡിലെ ഭിന്നതയെ വിമർശിച്ച് പ്രധാന ഹർജിക്കാരിലൊരാളായ ഇക്ബാൽ അൻസാരി. സുപ്രീം കോടതി വിധി എല്ലാവരും മാനിക്കണമെന്നും അന്തരീക്ഷം മോശമാക്കാൻ ആരും ശ്രമിക്കരുതെന്നും ഇക്ബാൽ അൻസാരി അയോധ്യയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അയോധ്യ കേസിലെ സുപ്രിം കോടതി വിധിയനുസരിച്ച് അഞ്ചേക്കർ സ്ഥലം പളളി പണിയാൻ സുന്നി വഖഫ് ബോർഡിന് കിട്ടും. പക്ഷേ എവിടെ ഭൂമി കിട്ടും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. വിധിയോടുള്ള പ്രതിഷേധമെന്നോണമാണ് ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാട് ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഇതിനെയാണ് കേസിലെ പ്രധാന ഹർജിക്കാരിലൊരാളായ ഇക്ബാൽ അൻസാരി വിമർശിക്കുന്നത്. മത ഭേദമന്യേ എല്ലാവരും വിധിയെ സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നും വഖഫ് ബോർഡിലെ ഭിന്നത നിയമ പോരാട്ടം നടത്തിയവരെ വേദനിപ്പിക്കുന്നുവെന്നും പറഞ്ഞ അൻസാരി ഇതിനെ ഒരു വിഭാഗത്തിന്റെ അഭിപ്രായമായി മാത്രം കണ്ടാൽ മതിയെന്നും വ്യക്തമാക്കുന്നു.
ഭൂമി എവിടെ കിട്ടുമെന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്നും. ശുഭപ്രതീക്ഷയാണുള്ളതെന്നും അൻസാരി കൂട്ടിച്ചേർത്തു. അയോധ്യ കേസിലെ ആദ്യകാല നിയമ പോരാട്ടക്കാരിലൊരാളായ ഹാഷിം അൻസാരിയുടെ മകനാണ് ഇക്ബാൽ അൻസാരി. 1949 മുതൽ ഹാഷിം അൻസാരി കേസിന്റെ ഭാഗമായിരുന്നു. ഹാഷിം അൻസാരിയുടെ മരണത്തിന് ശേഷം ഇക്ബാൽ അൻസാരി നിയമ പോരാട്ടം ഏറ്റെടുത്തു. കേസിൽ നിന്ന് പിന്മാറണമെന്ന ഭീഷണിയുണ്ടായപ്പോൾ മുതൽ അയോധ്യയിലെ വീടിന് പോലീസ് സംരക്ഷണമുണ്ട്. വിധിക്കു ശേഷവും പോലീസ് കാവലിലാണ് അൻസാരിയുടെ ജീവിതം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam