
മലപ്പുറം: അയോധ്യ കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നതായി മുസ്ലിം ലീഗ് ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. അയോധ്യ കേസ് വിധിയുടെ വിശദാംശങ്ങൾ ലഭ്യമായ ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
"വിധയുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ ഉണ്ടാകാൻ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. സമാധാനം ഉണ്ടാകണം," പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ മറ്റന്നാൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് യോഗം ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതി വിധി യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ബാക്കി കാര്യങ്ങൾ ഇതിന് ശേഷം പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുന്‍പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്നും എന്നാല്‍ ഇത് ഇസ്ലാമികമായ ഒരു നിര്‍മ്മിതിയല്ലെന്നും നിരീക്ഷിച്ചു. അതേസമയം ഇത് ക്ഷേത്രമാണെന്ന് കോടതി പറഞ്ഞിട്ടുമില്ല.
തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് കോടതി അന്തിമവിധിയിൽ ചൂണ്ടിക്കാട്ടുന്നു. അയോധ്യ ഹിന്ദു ദൈവമായ രാമന്‍റെ ജന്മഭൂമിയെന്ന വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിനെ അടിസ്ഥാനമാക്കി തര്‍ക്കഭൂമി കേസില്‍ വിധി പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബാബ്റി മസ്ജിദ് കാലങ്ങളായി മുസ്ലീം ആരാധനാലയമായിരുന്നുവെന്ന വാദത്തേയും കോടതി അംഗീകരിച്ചില്ല. 1857 മുതല്‍ തര്‍ക്കഭൂമിയുടെ അകത്ത് മുസ്ലീങ്ങള്‍ ആരാധന നടത്തിയതായി സ്ഥിരീകരിക്കുന്ന കോടതി എന്നാല്‍ അതിനും മുന്‍പും ശേഷവും പ്രദേശത്ത് ഹിന്ദുമതവിശ്വാസികള്‍ ആരാധനയും പ്രാര്‍ത്ഥനയും നടത്തി വന്നിരുന്നതായി ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാട്ടി വിലയിരുത്തുന്നു.
ഈ രീതിയില്‍ അയോധ്യയിലെ തർക്കഭൂമിയിൽ ഒരു സംഘടനയ്ക്കും അവകാശമില്ല എന്ന് വിധിച്ച കോടതി എന്നാൽ നൂറ്റാണ്ടുകളായി അവിടെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നുവെന്ന വസ്തുത അംഗീകരിച്ചു. ഈ സാഹചര്യത്തിലാണ് അവിടെ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് ഉപാധികളോടെ ക്ഷേത്രം നിർമ്മിക്കാൻ കോടതി അനുവാദം നൽകിയത്. 1993-ലെ അയോധ്യ ആക്ട് പ്രകാരം മുസ്ലീങ്ങൾക്ക് അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യമായ അഞ്ചേക്കർ ഭൂമി കണ്ടെത്തി നൽകി പുതിയ പള്ളി നിർമ്മിക്കാൻ വേണ്ട സാഹചര്യമൊരുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam