അയോധ്യ കേസിൽ ഇന്ന് നിർണായകദിനം; ഭൂമിതർക്കം മധ്യസ്ഥ ചർച്ചയ്ക്ക് വിടുന്നതിൽ തീരുമാനം

By Web TeamFirst Published Mar 6, 2019, 8:24 AM IST
Highlights

മധ്യസ്ഥചർച്ച വിജയിക്കാൻ 1% മാത്രമേ സാധ്യതയുള്ളൂ എങ്കിലും അത് പരിശോധിക്കേണ്ടതാണ് - എന്നാണ് ജസ്റ്റിസ് ബോബ്‍ഡെ വ്യക്തമാക്കിയത്. 

ദില്ലി: അയോധ്യ ഭൂമിതർക്ക കേസ് മധ്യസ്ഥചർച്ചയ്ക്ക് വിടണോ എന്ന കാര്യം ഇന്ന് സുപ്രീംകോടതി തീരുമാനിക്കും. തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ പരിഗണിക്കവേ മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണോ എന്ന് കോടതി ചോദിച്ചിരുന്നു.

എന്നാൽ ഇതിനെ രാം ജന്മഭൂമി ന്യാസും മറ്റ് ഹിന്ദുസംഘടനകളും ശക്തമായി എതിര്‍ത്തു. പല തവണ ശ്രമിച്ചതാണെന്നും പരാജയപ്പെട്ടെന്നും ആണെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ മധ്യസ്ഥതക്ക് തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. 

തുടർന്ന് കേസിൽ തീരുമാനമെടുക്കാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മധ്യസ്ഥചർച്ച വിജയിക്കാൻ 1% മാത്രമേ സാധ്യതയുള്ളൂ എങ്കിലും അത് പരിശോധിക്കേണ്ടതാണ് - എന്നാണ് ജസ്റ്റിസ് ബോബ്‍ഡെ വ്യക്തമാക്കിയത്. 

അയോധ്യ കേസ് വ്യക്തിപരമായ സ്വത്ത് തർക്കമല്ലെന്നും, ബന്ധങ്ങളിലെ മുറിവുണക്കുക എന്നതാണ് കോടതിയുടെ ലക്ഷ്യമെന്നും ജസ്റ്റിസ് എസ് എ ബോബ്‍ഡെ നിരീക്ഷിച്ചത്. ഇക്കാര്യങ്ങൾ രഹസ്യസ്വഭാവമുള്ളതാകുമെന്നും, പുറത്ത് അറിയിക്കില്ലെന്നും ബോബ്‍ഡെ വ്യക്തമാക്കി.

കേസിലെ അപ്പീൽ ഹർജികളിൽ ഇനിയും വാദം തുടങ്ങാനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷയുടെ കൃത്യത കക്ഷികള്‍ക്ക് പരിശോധിക്കാൻ ഹർജികളിലെ വാദം ഒന്നരമാസത്തേക്ക് മാറ്റിയിരിക്കുകയാണ്. 

click me!