
ചെന്നൈ: അയോധ്യ പ്രതിഷ്ഠാദിനത്തിൽ ക്ഷേത്രത്തിനു മുന്നിൽ തത്സമയ സംപ്രേഷണം ക്രമീകരിച്ചതിനെതിരായി രജിസ്റ്റർ ചെയ്ത എഫ്ഐആർ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കോയമ്പത്തൂർ സ്വദേശികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. കാമരാജപുരം രാമക്ഷേത്രത്തിനു മുന്നിൽ എൽഇഡി സ്ക്രീൻ സ്ഥാപിച്ചായിരുന്നു സംപ്രേഷണം. ഗതാഗതതടസ്സം ഉണ്ടാക്കിയെന്നും പൊതുജനത്തെ ശല്യപ്പെടുത്തിയെന്നും കാണിച്ച് നാഗരാജൻ എന്ന വ്യക്തി നൽകിയ പരാതിയിൽ കോയമ്പത്തൂർ പൊലീസ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി സംഘംചേരുക, പൊതുസമാധാനത്തിനും സുരക്ഷയ്ക്കും തടസ്സം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
എഫ്ഐആറിൽ കുറച്ച് വകുപ്പുകൾ ചേർത്തത് കൊണ്ടുമാത്രം കേസ് നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അല്ല ആളുകൾ ഒത്തുകൂടിയത് എന്ന് വ്യക്തമാണ്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഏത് മതത്തിലുള്ളവർ പരിപാടി നടത്തിയാലും ചിലർക്ക് പരാതികൾ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.