
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടി. പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) മൊഴി രേഖപ്പെടുത്തിയ ജീവനക്കാർക്കെതിരെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സി സി ടി വി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ, ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അയോധ്യയിലെ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്ന സമാനമായ സാമ്പത്തിക പരാതികളും ഉത്തർപ്രദേശ് സർക്കാർ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരങ്ങൾ.
അതേസമയം സംഭാവന തട്ടിപ്പിനൊപ്പം ഭൂമി ഇടപാടിലും അയോധ്യയില്‍ വന്‍ ക്രമക്കേട് നടന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വിപണി വിലയിലും കൂടിയ വിലക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതും പ്രത്യേക സംഘം അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ അന്വേഷണ സംഘം വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും.
രാമക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ വിസ്തൃതി 70 ല്‍ നിന്ന് 170 ഏക്കറായി കൂട്ടാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയത്. മാര്‍ക്കറ്റ് വിലയുടെ 17 ഇരട്ടി പോലും വില നല്‍കി ഭൂമി വാങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി പോലും അക്കാര്യം മനസലിക്കിയോ അല്ലാതെയോ കോടികള്‍ നല്‍കി ട്രസ്റ്റ് വാങ്ങിയെന്നാണ് വിവരം. ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില് നൂറിലേറെ പേരുടെ മൊഴിയെടുത്ത അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യണമെന്നറിയിച്ചിരിക്കുകയാണ്. 20 ലധികം പേര്‍ക്കെതിരെ കേസെടുക്കാന്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുവെന്നാണ് വിവരം. ട്രസ്റ്റ് ഭാരവാഹികളോടും, ക്ഷേത്ര ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് നടന്ന കുംഭമേളക്കാലത്ത് വലിയ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തല്‍. അന്ന് ക്ഷേത്രത്തില്‍ കുമിഞ്ഞ് കൂടിയ കോടിക്കണക്കിന് രൂപയുടെ കാണിക്കയെ കുറിച്ച് ഒരു കണക്കും രേഖപ്പെടുത്തിയിട്ടില്ല. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അന്വേഷണ റഡാറിലുണ്ടെന്നാണ് വിവരം. ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭകാലത്തെ കര്‍സേവകനടക്കം അയോധ്യ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ സാഹചര്യം മനസിലാക്കാനായി വെള്ളിയാഴ്ച അയോധ്യയിലെത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. അയ്യായിരം കോടി രൂപയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടാകാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam