
ലക്നൗ: അയോധ്യ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം. ഏറെ സുരക്ഷ വേണ്ട നിർണ്ണായകമായ ഘട്ടമാവും ഇനി അയോധ്യയില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആശിഷ് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാർത്തിക പൂർണ്ണിമ പ്രമാണിച്ച് നാളെ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കാൻ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാമെന്ന തീരുമാനത്തിലേക്കാണ് എത്തിയത്. സുപ്രീംകോടതി വിധിയനുസരിച്ച് ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കേണ്ടതിനാൽ വരും നാളുകൾ ഏറെ നിർണ്ണായകമാണ്.
ഏറെ വിശ്വാസികൾ അയോധ്യയിൽ തമ്പടിക്കുന്ന ഉത്സവ കാലത്താണ് കേസിലെ വിധി വന്നതെന്നും ശ്രദ്ധേയം. വലിയ ആഘോഷമായ കാർത്തിക പൂർണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സർക്കാർ. അതിനാൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. സരയൂ നദി തീരത്ത് നടക്കുന്ന ആഘോഷത്തിൽ കഴിഞ്ഞ വർഷം എട്ട് ലക്ഷം പേർ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്. വിധിയുടെ തലേന്ന് നടന്ന പഞ്ച കോശി പരിക്രമ ആഘോഷത്തിൽ പങ്കെടുക്കാനും വൻ ജനാവലി അയോധ്യയിൽ തമ്പടിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam