
അയോധ്യ: ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി അയോധ്യ ദീപാലങ്കാരത്തിൽ മുങ്ങി. അയോധ്യയിൽ 15 ലക്ഷത്തിലേറെ മൺചെരാതുകളാണ് തെളിയിച്ചത്. ദീപോത്സവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ആദ്യമായാണ് മോദി ദീപാഘോഷത്തിൽ പങ്കെടുക്കുന്നത്. ലേസർ ഷോയും ആഘോഷത്തിന് മാറ്റേകി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവരും ചടങ്ങിനെത്തി. ദീപാലങ്കാരം കാണാൻ ആയിരങ്ങളാണ് അയോധ്യയിലേക്ക് ഒഴുകിയെത്തിയത്. ലങ്കയിൽ രാവണനെ തോൽപ്പിച്ച് രാമനും സീതയും ലക്ഷ്മണനും പുഷ്പക വിമാനത്തിൽ അയോധ്യയിലേക്ക് തിരിക്കുന്നതും പുനരാവിഷ്കരിച്ചു. രാമകഥ പാർക്കിലായിരുന്നു അവതരണം.
വൈകിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി രാമക്ഷേത്ര നിര്‍മാണത്തിന്‍റെ പുരോഗതി വിലയിരുത്തിയിരുന്നു. സരയൂ നദിക്കരയില്‍ നടന്ന ആരതിയും പ്രധാനമന്ത്രി വീക്ഷിച്ചു. അയോധ്യയിൽ തെളിയിച്ച വിളക്കുകളുടെ എണ്ണം പുതിയ റെക്കോർഡാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.