
ദില്ലി: അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് ക്ഷണം. അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ സോണിയ ഗാന്ധിയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയേയും ട്രസ്റ്റ് പ്രതിനിധികൾ നേരിട്ട് ക്ഷണിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും ക്ഷണക്കത്ത് നല്കിയെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ അറിയിച്ചു. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അധ്യക്ഷൻമാർക്കും ക്ഷണമുണ്ടെന്നാണ് വിവരം. എന്നാൽ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തതയുണ്ടാകു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അയോധ്യ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് എത്തും. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത്, ഐ എസ് ആർ ഒ ഡയറക്ടർ നിലേഷ് ദേശായിയെയും ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ബി ജെ പിയുടെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളീമനോഹർ ജോഷിയും എത്തുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും നേരിട്ട് വിശ്വഹിന്ദു പരിഷത്തിന്‍റെയടക്കം നേതാക്കൾ നേരിട്ട് ക്ഷണിച്ചിരുന്നു. നേരത്തെ അദ്വാനിയും മുരളീമനോഹർ ജോഷിയും പ്രായാധിക്യത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ചടങ്ങിന് വരേണ്ടെന്ന് അയോധ്യ ക്ഷേത്രം ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും വി എച്ച് പി നേതാക്കൾ നേരിട്ട് ക്ഷണിച്ചത്. വി എ ച്ച്പി അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ് അലോക് വർമയും സംഘവുമാണ് ക്ഷണക്കത്ത് നൽകിയത്. ചടങ്ങിനെത്താമെന്ന് ഇരുവരും സമ്മതിച്ചതായി വി എച്ച് പി വൃത്തങ്ങൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam