അയോധ്യ വിധിന്യായത്തിലെ ചില ഭാഗങ്ങൾ ചോദ്യം ചെയ്യപ്പെടാവുന്നത്: സിപിഎം പൊളിറ്റ് ബ്യൂറോ

Published : Nov 09, 2019, 05:17 PM ISTUpdated : Nov 09, 2019, 05:46 PM IST
അയോധ്യ വിധിന്യായത്തിലെ ചില ഭാഗങ്ങൾ ചോദ്യം ചെയ്യപ്പെടാവുന്നത്: സിപിഎം പൊളിറ്റ് ബ്യൂറോ

Synopsis

തർക്കം അവസാനിപ്പിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശ്രമിച്ചിട്ടുള്ളത് വിഷയത്തിൽ കോടതിവിധി ഒരു തീർപ്പ് കൽപ്പിക്കുന്നുണ്ടെങ്കിലും, വിധിന്യായത്തിലെ ചില ഭാഗങ്ങൾ ഇപ്പോഴും ചോദ്യം ചെയ്യപ്പെടാവുന്നതാണ്

ദില്ലി: അയോധ്യ കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ ചില ഭാഗങ്ങൾ ചോദ്യം ചെയ്യപ്പെടാവുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യുറോ. തർക്കം അവസാനിപ്പിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശ്രമിച്ചിട്ടുള്ളതെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

"അയോധ്യയിൽ ദീർഘകാലമായി നീണ്ടുനിന്നിരുന്ന തർക്കത്തിന്മേൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. തർക്കഭൂമിയായ 2.77 ഏക്കർ സ്ഥലം, ക്ഷേത്രം പണിയുന്നതിനായി ഒരു ട്രസ്റ്റ് മുഖേന ഹിന്ദു പക്ഷത്തിന് കോടതി കൈമാറിയിരിക്കുന്നു. ഇതിനോടൊപ്പം തന്നെ മുസ്ലീം പള്ളി പണിയുന്നതിനായി മറ്റൊരിടത്ത് അഞ്ച് ഏക്കർ ഭൂമി കണ്ടെത്തി സുന്നി വഖഫ് ബോർഡിന് നൽകണമെന്നും വിധിയിൽ നിർദേശിച്ചിരിക്കുന്നു."

"വർഗീയ ശക്തികൾ വലിയ തോതിലുള്ള അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന തർക്കം അവസാനിപ്പിക്കുന്നതിനാണ് ഈ ഉത്തരവിലൂടെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശ്രമിച്ചിട്ടുള്ളത്."

"ഈ തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, കോടതിവിധിയിലൂടെ തീർപ്പ് കൽപ്പിക്കണമെന്ന നിലപാടാണ് എപ്പോഴും സിപിഐ (എം) കൈക്കൊണ്ടിട്ടുള്ളത്. വലിയ തർക്കങ്ങൾക്ക് വഴിവച്ചിട്ടുള്ള ഈ വിഷയത്തിൽ കോടതിവിധി ഒരു തീർപ്പ് കൽപ്പിക്കുന്നുണ്ടെങ്കിലും, വിധിന്യായത്തിലെ ചില ഭാഗങ്ങൾ ഇപ്പോഴും ചോദ്യം ചെയ്യപ്പെടാവുന്നതാണ്."

"1992 ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ച നടപടി രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളുടെ ലംഘനമാണെന്ന് കോടതിവിധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ നടപടിയും മതേതര തത്വങ്ങൾക്ക് നേരെയുള്ള ആക്രമണവുമായിരുന്നു. അതുകൊണ്ട് തന്നെ പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും വേണം." 

"1991ലെ മതാരാധനാകേന്ദ്ര നിയമത്തിൻ്റെ പ്രസക്തി കോടതി അംഗീകരിക്കുകയുണ്ടായി. ഇനിയൊരിടത്തും ഇത്തരത്തിൽ ആരാധനാലയങ്ങളുമായി തർക്കങ്ങൾ ഉണ്ടാവാതിരിക്കാനും, ഉപയോഗപ്പെടുത്താതിരിക്കാനും ഈ നിയമം ശക്തമായി നടപ്പിലാക്കണം." 

"വിധിന്യായത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് മതസാമുദായിക ഐക്യത്തെ തകർക്കും വിധത്തിലുള്ള പ്രകോപനപരമായ നടപടികളൊന്നും കൈക്കൊള്ളരുതെന്ന് സിപിഐ (എം) പൊളിറ്റ് ബ്യൂറോ അഭ്യർഥിക്കുകയാണ്."
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്