കോൺഗ്രസ് എംപി ഗൗരവ് ഗോഗോയിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗോഗോയിയുടെ ഭാര്യക്ക് ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നാണ് പ്രധാന ആരോപണം.  

ഗുവാഹത്തി: കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗോഗോയിക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വിഷയത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവകരമാണെന്നും അതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗൗരവ് ഗോഗോയിയുടെ ഭാര്യ എലിസബത്ത് കോൾബർണിന് പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നാണ് ബിജെപി ഉയർത്തുന്ന പ്രധാന ആരോപണം. പാകിസ്ഥാൻ പ്ലാനിംഗ് കമ്മീഷന്റെ മുൻ ഉപദേഷ്ടാവായിരുന്ന തൗഖീർ ഷെയ്ഖിന് കീഴിൽ ഇസ്ലാമാബാദിൽ ജോലി ചെയ്തിരുന്ന സമയത്ത് എലിസബത്ത് രഹസ്യ വിവരങ്ങൾ കൈമാറിയതായി എസ്.ഐ.ടി റിപ്പോർട്ടിൽ സൂചനയുണ്ടെന്ന് ശർമ്മ പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാലാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ക്യാബിനറ്റ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങളെ പരിഹസിച്ചുകൊണ്ട് ഗൗരവ് ഗോഗോയ് രംഗത്തെത്തി. ഹിമന്ത ബിശ്വ ശർമ്മയുടെ പത്രസമ്മേളനം "സി ഗ്രേഡ് സിനിമയേക്കാൾ മോശമാണ്" എന്നായിരുന്നു ഗോഗോയിയുടെ പ്രതികരണം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കെട്ടിച്ചമച്ച കഥകളാണിതെന്നും സെപ്റ്റംബറിൽ സമർപ്പിക്കുമെന്ന് പറഞ്ഞ റിപ്പോർട്ട് ഇപ്പോഴാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തരംതാഴ്ന്ന രാഷ്ട്രീയമാണിതെന്നും കോൺഗ്രസ് ആരോപിച്ചു.