അയോധ്യ വിധി: സംയമനം പാലിക്കാന്‍ ധാരണ, കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണയോഗം നാളെ ചേരും

By Web TeamFirst Published Nov 5, 2019, 9:50 PM IST
Highlights

വിവിധ മുസ്ലീം നേതാക്കളും സംഘപരിവാര്‍ നേതാക്കളും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി സംയമനം പാലിക്കാന്‍ തീരുമാനിച്ചു. വിധി വന്നാല്‍ പ്രധാനമന്ത്രിയും അമിത് ഷായും അഭിപ്രായം പറയും വരെ മിണ്ടരുതെന്ന് ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം.

ദില്ലി: അയോധ്യ കേസില്‍ അടുത്ത ദിവസങ്ങളില്‍ അന്തിമവിധി പുറത്തു വന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് അണിയറയില്‍ നീക്കങ്ങള്‍ സജീവം. അയോധ്യവിധിക്ക് മുന്നോടിയായി കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണയോഗം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പാര്‍ലമെന്‍റ് അനക്സിലാണ് നാളെ യോഗം ചേരുന്നത്. 

കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വിയുടെ വസതിയില്‍ ഇന്ന് ആര്‍എസ്എസ് - ബിജെപി നേതാക്കളും വിവിധ മുസ്ലീം സംഘടനാ നേതാക്കളും യോഗം ചേര്‍ന്നു. അയോധ്യവിധി എന്തായാലും അതിനെ സ്വീകരിക്കാന്‍ ഇരുവിഭാഗവും തയ്യാറാവണമെന്ന് യോഗത്തില്‍ ഇരുവിഭാഗം നേതാക്കളും തമ്മില്‍ ധാരണയായി. ഇതാദ്യമായാണ് ആര്‍എസ്എസ് നേതൃത്വം ഇത്രയേറെ മുസ്ലീം പുരോഹിതരേയും നേതാക്കളേയും ഒന്നിച്ച് ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. 

ഉന്നത ആര്‍എസ്എസ് നേതാക്കളായ കൃഷ്ണ രോപാൽ, രാംലാൽ എന്നിവരും ജമാഅത്ത് ഉലമ തലവൻ സയദ് അർഷദ് മദനി മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം കമാൽ ഫറൂഖി തുടങ്ങിയവർ യോഗത്തിനെത്തി. അയോധ്യ വിധി എന്തായാലും എല്ലാവരും അത് അംഗീകരിക്കുകയും രാജ്യത്തെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ തയ്യാറാക്കുകയും ചെയ്യണമെന്ന് ഇരുവിഭാഗവും പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. 

അയോധ്യ വിധിക്ക് ശേഷം അനുയായികളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. അമിതാവേശമോ പ്രതിഷേധമോ ഒഴിവാക്കണമെന്ന നിർദ്ദേശത്തോടും യോഗത്തിൽ പങ്കെടുത്തവരെല്ലാം യോജിച്ചു. അയോധ്യയെ സംബന്ധിച്ച ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ യോഗത്തില്‍ ചർച്ചയായില്ല. എന്നാൽ ആശയവിനിമയം തുടരാൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്. 

അയോധ്യ വിധി പുറത്തു വന്നാല്‍ പ്രധാനമന്ത്രിയും അമിത് ഷായും ആദ്യം അഭിപ്രായം പറയും വരെ വിധിയോട് പ്രതികരിക്കരുതെന്ന് ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നഡ്ഡ നിര്‍ദേശം നല്‍കി. അയോധ്യ വിധി സംയമനത്തോടെ സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി മന്ത്രിമാരോടും എംഎല്‍എമാരോടും ആവശ്യപ്പെട്ടു. 

വിധി പ്രസ്താവത്തിന് മുന്നോടിയായി ദില്ലിയില്‍ ചേര്‍ന്ന ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗം അയോധ്യയിലെ സുരക്ഷാ സ്ഥിതി വിലയിരുത്തി. നാലായിരം സുരക്ഷാസൈനികരെ അയോധ്യയില്‍ അധികമായി നിയോഗിക്കാനും തീരുമാനിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശില്‍ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് യുപി പൊലീസ് മേധാവി അറിയിച്ചു. 

click me!