സര്‍ക്കാര്‍ സ്കൂളിലെ പാചകക്കാരി മാത്രമല്ല; ഇവര്‍ ഇനി ഇലക്ഷന്‍ കമ്മീഷന്‍ അംബാസിഡര്‍

By Web TeamFirst Published Oct 3, 2019, 11:22 AM IST
Highlights

ജനപ്രിയ ടെലിവിഷന്‍ ക്വിസ്‌ ഷോ "കോന്‍ ബനേഗാ ക്രോര്‍പതി"യില്‍ കോടിപതിയായതോടെയാണ് സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരിയായിരുന്ന ബബിത ശ്രദ്ധിക്കപ്പെട്ടത്

അമരാവതി: കോന്‍ ബനേഗാ കോര്‍പതി പരിപാടിയില്‍ പങ്കെടുത്ത്   ഒരു കോടി സമ്മാനമായി നേടി വാര്‍ത്തകളില്‍ ഇടം പിടിച്ച  സര്‍ക്കാര്‍ സ്‌കൂള്‍ പാചക്കാരി ബബിത ടാഡേയെ  സ്വീപ് പ്രോഗ്രാമിന്‍റെ അമരാവതി ജില്ലാ അംബാസിഡറായി നിയമിച്ച് ഇലക്ഷന്‍ കമ്മീഷന്‍. രാജ്യത്തെ വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യുന്നത് സംബന്ധിച്ച അവബോധം നല്‍കുന്നതിന് വേണ്ടിയുള്ളതാണ് സ്വീപ് ( സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ ). മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിയമനം. 

ജനപ്രിയ ടെലിവിഷന്‍ ക്വിസ്‌ ഷോ "കോന്‍ ബനേഗാ ക്രോര്‍പതി"യില്‍ കോടിപതിയായതോടെയാണ് സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരിയായിരുന്ന ബബിത ശ്രദ്ധിക്കപ്പെട്ടത്. 'വോട്ടിംഗിന്‍റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസിലാക്കി നല്‍കുകയും അവര്‍ക്ക് വോട്ട് ചെയ്യുന്നതിന് വേണ്ടി അവബോധം നല്‍കുകയും വേണം. അതിന് ഏറ്റവും അനുയോജ്യയായത് ബബിതയാണ്' അതിനാലാണ് അവരെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

സാധാരണക്കാരായ ജനങ്ങളുമായി ബന്ധപ്പെട്ട് ജനാധിപത്യ അവകാശമായ വോട്ടിംഗില്‍ പങ്കെടുക്കുന്നതിന് വേണ്ടി അവരെ സജ്ജരാക്കാന്‍ ശ്രമിക്കുമെന്ന് അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും  ബബിത ടാഡേ പ്രതികരിച്ചു. സോണി എന്‍റര്‍ടെയ്മെന്‍റ് ചാനലില്‍ അമിതാഭ്‌ ബച്ചന്‍ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 11-ാം എഡിഷനിലെ രണ്ടാമത്തെ കോടിപതിയാണു ബബിത
മഹാരാഷ്‌ട്രയിലെ അമരാവതിയിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 1500 രൂപ പ്രതിമാസ ശമ്പളം വാങ്ങുന്ന ബബിത സ്വപ്നനേട്ടം കൈവരിച്ചത് വലിയ വാര്‍ത്തയായിരുന്നു. 

click me!