ബാബറി മസ്ജിദ് കേസിൽ ഇന്ന് വിധി; എൽ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉൾപ്പെടെ 32 പ്രതികൾ

By Web TeamFirst Published Sep 30, 2020, 6:14 AM IST
Highlights

ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. അന്വേഷണത്തിനായി രൂപീകരിച്ച ലിബറാൻ കമ്മീഷന്‍റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്.

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ ലക്നൗ സിബിഐ കോടതി ഇന്ന് വിധി പറയും. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി. എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരാണ് കേസിലെ പ്രതികൾ.

ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. അന്വേഷണത്തിനായി രൂപീകരിച്ച ലിബറാൻ കമ്മീഷന്‍റ് റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിച്ച് എയിംസിൽ ചികിത്സയിൽ കഴിയുന്ന ഉമാഭാരതി കോടതിയിലെത്തില്ല. വധശിക്ഷയെ നേരിടാനും തയ്യാറെന്നും വിധി എതിരായാൽ ജാമ്യം തേടില്ലെന്നും ഉമാഭാരതി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. 

ദേശീയ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് ഉമാഭാരതിയുടെ കടുത്ത നിലപാടിന് പിന്നിലെന്ന സൂചനയും ഉണ്ട്. മസ്ജിദ് തകര്‍ത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 

2001ൽ ഗൂഡാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ൽ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകര്‍ത്ത കേസിൽ വിധി വരുന്നത്.

click me!