Latest Videos

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന ബബുല്‍ സുപ്രിയോയുടെ പ്രഖ്യാപനം; നാടകമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

By Web TeamFirst Published Aug 1, 2021, 8:49 AM IST
Highlights

ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഫേസ്ബുക്കില്‍ ഇദ്ദേഹം താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിടപറയുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടത്. 

കൊല്‍ക്കത്ത: രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും, ബംഗാളിലെ ബിജെപി നേതാവുമായ ബബുല്‍ സുപ്രിയോ. ശനിയാഴ്ചയാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്. അടുത്തിടെ നടന്ന കേന്ദ്രത്തിലെ മോദി സര്‍ക്കാറിലെ പുന:സംഘടനത്തില്‍ സുപ്രിയോയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായിരുന്നു.

ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് ഫേസ്ബുക്കില്‍ ഇദ്ദേഹം താന്‍ രാഷ്ട്രീയത്തില്‍ നിന്നും വിടപറയുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ടത്. ഞാന്‍ പോകുന്നു, ഇത് വിടപറയല്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം എന്നിങ്ങനെ മറ്റ് പാര്‍ട്ടിയിലേക്ക് പോകുന്നില്ല. ഞാന്‍ ഒരു ടീം പ്ലെയറാണ്. എപ്പോഴും പിന്തുണയ്ക്കുന്നത് ബിജെപിയെയാണ്. അത്രയേ ഉള്ളൂ, ഞാന്‍ പോകുന്നു.

സാമൂഹ്യ സേവനം ചെയ്യാന്‍ രാഷ്ട്രീയം ആവശ്യമല്ല. ആദ്യം ഞാന്‍ സ്വയം ഒന്ന് ചിട്ടപ്പെടുത്തട്ടെ. എംപി സ്ഥാനത്ത് നിന്നും രാജിവയ്ക്കും എന്നാണ് സുപ്രിയോ പറയുന്നത്. അതേ സമയം സുപ്രിയോയുടെത് നാടകമാണ് എന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് എത്തി. ഷോലെ സിനിമ പോലെ ഒരു രംഗമാണിത് അദ്ദേഹം രാജിവയ്ക്കും എന്ന് പറയും പക്ഷെ അത് ചെയ്യില്ല തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചു.

പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടപ്പോള്‍ കൂടുതല്‍ നല്ല സ്ഥാനത്തിന് വേണ്ടിയുള്ള വിലപേശലാണ് സുപ്രിയോ നടത്തുന്നത് എന്നാണ് തൃണമൂല്‍ സര്‍ക്കാറിലെ മന്ത്രിയായ ഫിര്‍ഹാദ് ഹക്കിം പറയുന്നത്. അതേ സമയം അമിത് ഷായെയും, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയെയും താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്ന കാര്യം അറിയിച്ചുവെന്നും. അവര്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും സുപ്രിയോ പറയുന്നുണ്ട്.

അതേ സമയം ബിജെപി ബംഗാള്‍ സംസ്ഥാന നേതൃത്വവുമായി അടുത്ത കാലത്ത് നല്ല ബന്ധമല്ല സുപ്രിയോയ്ക്ക് ഉള്ളത്. 2014ല്‍ ബംഗാളില്‍ നിന്നുള്ള ഏക ബിജെപി ലോക്സഭ അംഗമായിരുന്നു ബബുല്‍ സുപ്രിയോ. 2019ല്‍ കേന്ദ്ര സഹമന്ത്രിയായി. അതേ സമയം രാഷ്ട്രീയത്തില്‍ തുടരേണ്ടവര്‍ തുടരുമെന്നും, തനിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്നുമാണ് സുപ്രിയോയുടെ പ്രഖ്യാപനത്തോട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ടോളിഗഞ്ച് മണ്ഡലത്തില്‍ നിന്നും നിലവിലുള്ള എംപിയായ സുപ്രിയോ മത്സരിച്ചിരുന്നു. എന്നാല്‍ 50,000 വോട്ടിന്‍റെ വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!