ആംബുലന്‍സിലെ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായി; ആശുപത്രി യാത്രക്കിടെ നവജാതശിശു ശ്വാസംമുട്ടി മരിച്ചു

By Web TeamFirst Published Sep 15, 2019, 12:09 PM IST
Highlights

കുട്ടിയുടെ ബന്ധുക്കള്‍ ഓക്സിജന്‍ സിലിണ്ടര്‍ ലവഭ്യമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇത് ചെവിക്കൊണ്ടില്ല. അയാള്‍ വാഹനമോടിക്കല്‍ തുടര്‍ന്നു. ചണ്ഡിഗഡിലെ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചു

ചണ്ഡിഗഡ്: ആംബുലന്‍സിലുണ്ടായിരുന്ന സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രി യാത്രക്കിടെ നവജാതശിശു മരിച്ചു. ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഹരിയാനയിലെ കൈതാളിലാണ് അതിദാരുണ സംഭവം നടന്നത്. സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സഹില്‍ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്.

കുട്ടിക്ക് പനിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ കൈതാളിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മോശമാകാന്‍ തുടങ്ങിയതോടെ ചണ്ഡിഗഡിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. 

കൈതാളില്‍നിന്ന് ചണ്ഡിഗഡിലെത്തുന്നതുവരെ കുട്ടിയ്ക്ക് കൃത്രികശ്വാസം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഡോക്ടര്‍ യാത്രയ്ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍ പറഞ്ഞതുപ്രകാരം 2800 രൂപ വാടകയ്ക്ക് ഒരു സ്വകാര്യ ആംബുലന്‍സ് ഒരുക്കിയാണ് കുട്ടിയെ ചണ്ഡിഗഡിലേക്ക് കൊണ്ടുപോയത്. ആംബുലന്‍സില്‍ ഓക്സിജന്‍ സിലിണ്ടര്‍ ഉണ്ടെന്ന് ഡ്രൈവര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ വാഹനം പെഹോവയിലെത്തിയതോടെ സിലിണ്ടറിലെ ഓക്സിജന്‍ തീരുകയും കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്തുതുടങ്ങി. ആംബുലന്‍സില്‍ വേറെ ഓക്സിജന്‍ സിലിണ്ടര്‍ ഉണ്ടായിരുന്നില്ല. അമ്പാലയിലെത്തിയപ്പോള്‍ കുട്ടിയുടെ ബന്ധുക്കള്‍ ഓക്സിജന്‍ സിലിണ്ടര്‍ ലവഭ്യമാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇത് ചെവിക്കൊണ്ടില്ല. അയാള്‍ വാഹനമോടിക്കല്‍ തുടര്‍ന്നു. ചണ്ഡിഗഡിലെ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചു. കൈതാളില്‍ തിരിച്ചെത്തിയ ബന്ധുക്കള്‍ ആംബുലന്‍സ് ഡ്രൈവറെ ചോദ്യം ചെയ്തു. പിന്നീട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

click me!