
മുംബൈ: നവി മുംബൈയിലെ സാൻപാഡയിലുള്ള 'മിറാക്കി ചൈനീസ്' റെസ്റ്റോറന്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം. റെസ്റ്റോറന്റിലെ ശുചിത്വമില്ലായ്മ ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലായി. 1.5 ദശലക്ഷത്തിലധികം പേരാണ് ഇതിനകം ഈ വീഡിയോ കണ്ടത്. താൻ ഓർഡർ ചെയ്ത "തോഫു സിറാച്ച" രുചിയില്ലാത്തതിന തുടർന്ന് പരാതിപ്പെടാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച തന്നെ ഞെട്ടിച്ചുവെന്ന് വീഡിയോയിൽ ഉപഭോക്താവ് അവകാശപ്പെടുന്നു.
വീഡിയോയിൽ കാണുന്നതു പോലുള്ള അടുക്കളയിലെ 'അറപ്പുളവാക്കുന്ന' അവസ്ഥ ഉപഭോക്താവിനെ ഞെട്ടിച്ചു. ചീഞ്ഞ ഭക്ഷണം ശേഖരിച്ചുവച്ചിരിക്കുന്നു. വൃത്തിഹീനമായ കൗണ്ടറുകൾ. മറ്റിടങ്ങളിലും വൃത്തി തീരെയില്ല, എന്നാണ് വീഡിയോക്കൊപ്പം യുവാവ് കുറിക്കുന്നത്. അതേസമയം, റെസ്റ്റോറന്റ് ഈ ആരോപണങ്ങളെ നിഷേധിച്ചു.
വീഡിയോ തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും, ഇത് നിയമവിരുദ്ധമായി ചിത്രീകരിച്ചതാണെന്നും അവര്‍ പറയുന്നു. റെസ്റ്റോറന്റിലെ പതിവ് ശുചീകരണ സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നും റെസ്റ്റോറന്റ് വാദിക്കുന്നു. ഫുഡ് സേഫ്റ്റി ലൈസൻസുകൾ, തേർഡ്-പാർട്ടി ഓഡിറ്റുകൾ, പൂർണ്ണമായ കംപ്ലയൻസ് ഡോക്യുമെന്റേഷൻ എന്നിവയുൾപ്പെടെ ഏറ്റവും ഉയർന്ന ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും റെസ്റ്റോറന്റ് അറിയിച്ചു.
കരുതിക്കൂട്ടിയുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സംഭവത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. വീഡിയോ കണ്ട പലരും തങ്ങൾക്ക് ഈ റെസ്റ്റോറന്റിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കമന്റുകളിൽ പറയുന്നു. ഒപ്പം ചിലര്‍ റെസ്റ്റോറന്റിന്റെ പ്രസ്താവനയോട് യോജിക്കുകയും അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്യുന്നു.