രാജ്യത്തെ കിട്ടാക്കടങ്ങളില്‍ 80 ശതമാനവും എഴുതിത്തള്ളിയത് കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍; റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

By Web TeamFirst Published Apr 13, 2019, 2:42 PM IST
Highlights

 80 ശതമാനവും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തള്ളിയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഏഴ് ലക്ഷം കോടി കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. ഇതില്‍ 80 ശതമാനവും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തള്ളിയതെന്നാണ്  റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. മോദി സര്‍ക്കാരിന്‍റെ കാലത്താണ് കൂടുതല്‍ തുകയും എഴുതിത്തള്ളിയത്. 

ഇതില്‍ എടുത്ത വായ്പാ തുകയുടെ അഞ്ചില്‍ നാല് ഭാഗവും എഴുതിത്തള്ളിയതും ഉള്‍പ്പെടുന്നു. എന്നാല്‍ വായ്പാ എഴുതിത്തള്ളിയത് ആരുടേതൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഏഴ് ലക്ഷം കോടി എഴുതിത്തള്ളിക്കഴിഞ്ഞതായാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.  

നേരത്തെ 2014 ല്‍ 5,55,603 കോടി രൂപ എഴുതിത്തള്ളിയെന്നത് വ്യക്തമാക്കുന്ന രേഖകളും കണക്കും റിസര്‍വ് ബാങ്ക് പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍  1,56,702 കോടി കിട്ടാക്കടമാണ് എഴുതിത്തള്ളിയിരിക്കുന്നത്. 

2016-2017- 1,08,374 കോടി, 2017-2018  -161,328 കോടി, 2018-2019  ആദ്യ ആറ് മാസങ്ങളില്‍ 82,799 കോടി  2018-2019 ഒക്ടോബർ മുതൽ ഡിസംബർ 64,000 കോടി  എന്നിങ്ങനെയാണ് റിസര്‍വ് ബാങ്ക് പുറത്തു വിട്ട എഴുതിത്തള്ളിയ തുകകളുടെ കണക്കുകള്‍. 

 

click me!