
ദില്ലി: സിജെപി നേതാക്കളായ അശുതോഷ് റാങ്കെയുടെയും സൗരവ് ദാസിന്റെയും ജാമ്യം പരിഗണിച്ചില്ല. ഇരുവരും ജയിലിൽ തുടരും. ഭീഷണി സന്ദേശം ലഭിക്കുന്നു എന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അറിയിച്ചു. ഭീഷണി സന്ദേശത്തിന് പിന്നിൽ സിജെപി ആണെന്ന് പൊലീസ് ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. ജാമ്യ വ്യവസ്ഥ മുറുക്കി തുടര് പ്രതിഷേധങ്ങളില് നിന്ന് നേതാക്കളെ വിലക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് സിജെപി വ്യക്തമാക്കി.
ദില്ലി പൊലീസിലെ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്ക്കാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ ചുമതല നല്കിയിരിക്കുന്നത്. സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു പരാമര്ശം പോലും ഒരു വര്ഷത്തേക്ക് പാടില്ലെന്ന ജാമ്യ വ്യവസ്ഥ പ്രതിഷേധക്കാരെ നിശബ്ദമാക്കാനാണെന്നാണ് ആക്ഷേപം. പോരാട്ടത്തില് നിന്ന് പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്കേ പ്രതികരിച്ചു.
കരുതൽ കസ്റ്റഡി നീട്ടിക്കൊണ്ടുപോകാനാണ് പൊലീസിന്റെ നീക്കമെന്ന് സിജെപി ആരോപിക്കുന്നു. വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി സിജെപി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. പൊലീസ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സിജെപിയുടെ തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ എടുക്കുന്ന നടപടികളിലേക്ക് നീങ്ങുകയാണ് ദില്ലി പൊലീസ്. അഭിജിത് ദീപ്കെ, നേഹ ബോറ, ആം ആദ്മി പാർട്ടി എന്നിവർക്കെതിരെയാണ് നിലവിൽ കേസുകൾ. മാർച്ചിനിടെ ആയുധങ്ങളും വടികളുമായി എത്തിയെന്ന് ആരോപിച്ച് രണ്ട് ഗാസിയാബാദ് സ്വദേശികളെ അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 17 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു.
ജന്തർ മന്തറിൽ ചാടിക്കയറി പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും തിഹാർ ജയിലിൽ അടച്ചത്. അതിക്രമിച്ചു കടന്നതിന് പൊലീസ് അറസ്റ്റു ചെയ്ത ഇരുവരെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചപ്പോഴുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാട്ടിയാണ് സൗരവ് ദാസ്, ആശുതോഷ് റാങ്കെ എന്നിവരെ അഞ്ച് ദിവസത്ത ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മതിൽ ചാടി കടന്ന് ജന്തർ മന്തറിൽ പ്രതിഷേധിച്ചതിന് സിജെപി നേതാക്കൾ ഉൾപ്പെടെ 14 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam