
ദില്ലി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിത അംബാനിയെ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്സിക്യുട്ടീവ് ഡയറക്ടറായ നിതയെ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. നിത അംബാനിക്ക് പകരം വനിതാ ശാക്തീകരണത്തില്‍ മാതൃകയായ വ്യക്തികളെ ഈ പദവിയിലേക്ക് ക്ഷണിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
എന്നാല്‍ നിതയെ വിസിറ്റിംഗ് പ്രൊഫസറാക്കാനുള്ള നിര്‍ദ്ദേശം സര്‍വ്വകലാശാലയുടെ പരിഗണനയില്‍ മാത്രമുള്ള കാര്യമാണെന്നും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും സര്‍വ്വകലാശാല പ്രൊഫസര്‍ നിധി ശര്‍മ്മ വിശദമാക്കുന്നത്. തെറ്റായ മാതൃകയാണ് നിതയെ ഈ പദവിയിലേക്ക് നിയമിക്കാനുള്ള നിര്‍ദ്ദേശത്തിലൂടെ നടന്നിരിക്കുന്നതെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നത്. വൈസ് ചാന്‍സലര്‍ രാകേഷ് ഭട്നാഗറിന്‍റെ വസതിക്ക് മുന്നിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നു.
സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നാണ് നിതയെ വിസിറ്റിംഗ് പ്രൊഫസറാക്കി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍ദ്ദേശം സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച് നിത അംബാനിയുടെ താല്‍പര്യം ആരാഞ്ഞും സര്‍വ്വകലാശാലയില്‍ നിന്ന് കത്തെഴുതിയിരുന്നു. വുമണ്‍ സ്റ്റഡി സെന്‍ററിലേക്കാണ് ഈ നിയമനം. ഇതേ പദവിയിലേക്ക് പരിഗണിക്കുന്ന മറ്റ് രണ്ട് വനിതകളുടെ പേരുകളും സര്‍വ്വകലാശാല വ്യക്തമാക്കി. ഗൗതം അദാനിയുടെ ഭാര്യയായ പ്രിതി അദാനി, ലക്ഷ്മി മിത്തലിന്‍റെ ഭാര്യയായ ഉഷ മിത്തല്‍ എന്നിവരാണ് സര്‍വ്വകലാശാലയുടെ പരിഗണനയിലുള്ള മറ്റ് പേരുകള്‍.
വുമണ്‍ സ്റ്റഡി സെന്‍ററില്‍ മൂന്ന് വിസിറ്റിംഗ് പ്രൊഫസര്‍മാരുടെ ഒഴിവാണ് നിലവിലുള്ളത്. നിതയുടെ വിവിധ മേഖലയിലെ പരിചയം സര്‍വ്വകലാശാലയ്ക്ക് ഉതകുമെന്ന നിലയിലാണ് ഈ നിര്‍ദ്ദേശമെന്നാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ നിലപാട്. വനിതാ ശാക്തീകരണത്തിനായി നിരവധി കാര്യങ്ങളാണ് നിത അംബാനി റിലയന്‍സ് ഫൗണ്ടേഷനിലൂടെ ചെയ്യുന്നതെന്നും സര്‍വ്വകലാശാല വിശദീകരിക്കുന്നു. എന്നാല്‍ സമ്പന്നനായ വ്യക്തിയുടെ ഭാര്യ എന്ന നിലയില്‍ ഈ പദവിയിലെത്തുന്ന ആളെ വിസിറ്റിംഗ് പ്രൊഫസറാക്കുന്നത് തെറ്റായ മാതൃകയെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam