'കൊവിഡിന്‍റെ പുതിയ തരംഗം തടയണം'; വാക്സീൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Mar 17, 2021, 2:49 PM IST
Highlights

കൊവിഡ് വ്യാപനത്തിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി. ആർടിപിസിആർ ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്സീൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. 

ദില്ലി: കൊവിഡിന്‍റെ പുതിയ തരംഗം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്ഥാനങ്ങളിൽ പരിശോധന കുറവാണ്. ആർടിപിസിആർ ടെസ്റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്സീൻ വിതരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് അവലോകനത്തിനായി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ, യുപി, ഛത്തിസ്ഗഡ് മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തില്ല.

രാജ്യത്ത് വീണ്ടും കൊവിഡ് തരംഗമെന്ന ആശങ്ക ശക്തമാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.  24 മണിക്കൂറിനിടെ ഇരുപത്തിയെണ്ണായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 28903 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി നാലായിരമായി. രണ്ടര മാസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കൊവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ രാജ്യത്ത് 188 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 

മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയിലെ 15 ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശം. 19 സംസ്ഥാനങ്ങളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. നാല് സംസ്ഥാനങ്ങളിൽ പ്രതിദിനം ആയരിത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു.  

രാജ്യത്ത് വാക്സിനേഷൻ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി അവസാനം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നത്. ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷൻ തുടങ്ങിയേക്കും. ഈ ഘട്ടത്തിൽ 45 നും 59 നും ഇടയിലുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും. 45 വയസ്സിന് മുകളിലുള്ള ഗുരുതര രോഗമുള്ളവർക്കാണ് നിലവിൽ വാക്സിൻ നൽകുന്നത്. 

click me!