ബംഗളൂരുവിലെ ക്രൂരപീഡനം: 12 പ്രതികൾ അറസ്റ്റിൽ, 1019 പേജുള്ള കുറ്റപത്രം സമർപ്പിച്ചു, അന്വേഷണം കേരളത്തിലേക്കും

By Web TeamFirst Published Jul 8, 2021, 5:16 PM IST
Highlights

കോഴിക്കോട് ബീച്ചിന് സമീപം ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിനിയായ യുവതി മെയ് ആദ്യമാണ് ക്രൂര പീഡനത്തിനിരയായത്. നേരത്തെ റാക്കറ്റിന്‍റെ ഭാഗമായിരുന്ന യുവതി പിന്നീട് കേരളത്തിലേക്ക് ബിസിനസ് തുടങ്ങാന്‍ എത്തുകയായിരുന്നു

ബംഗളുരു: കോഴിക്കോട് ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ബെംഗളൂരുവില്‍വച്ച് ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച കേസില്‍ 12 പേർ അറസ്റ്റില്‍. വലിയ വിവാദമായ കേസില്‍ അഞ്ചാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ കമാല്‍പന്ത് മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ മിന്നല്‍ വേഗത്തില്‍ അന്വേഷണം പൂർത്തിയാക്കിയെന്നാണ് ബംഗളൂരു പൊലീസ് അവകാശപ്പെടുന്നത്. അഞ്ചാഴ്ച കൊണ്ട് 12 പേരെയാണ് പിടികൂടിയത്. ഇതില്‍ പീഡനത്തിന് കൂട്ടുനിന്ന ഒരു സ്ത്രീയുമുണ്ട്. അറസ്റ്റിലായ 11 പേരും ബംഗ്ലാദേശ് സ്വദേശികളാണ്. എല്ലാവരും രാജ്യാന്തര സെക്സ് റാക്കറ്റിലെ കണ്ണികളാണ്. കേരളം, കർണാടക തെലങ്കാന സംസ്ഥാനങ്ങളിലെ സെക്സ് റാക്കറ്റുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് കമ്മീഷണർ കമാല്‍പന്ത് വ്യക്തമാക്കി. എന്നാൽ അദ്ദേഹം സംസ്ഥാനത്തിന് പുറത്തെ അന്വേഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ബെംഗളൂരു കോടതിയില്‍ 1019 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

കോഴിക്കോട് ബീച്ചിന് സമീപം ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബംഗ്ലാദേശ് സ്വദേശിനിയായ യുവതി മെയ് ആദ്യമാണ് ക്രൂര പീഡനത്തിനിരയായത്. നേരത്തെ റാക്കറ്റിന്‍റെ ഭാഗമായിരുന്ന യുവതി പിന്നീട് കേരളത്തിലേക്ക് ബിസിനസ് തുടങ്ങാന്‍ എത്തുകയായിരുന്നു. സംഘവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് ക്രൂര പീഡനത്തില്‍ കലാശിച്ചത്. യുവതിയെ കോഴിക്കോട് നിന്നും ബലമായി ബെംഗളൂരുവിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ആദ്യം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രചരിച്ചത്. ഇത് വലിയ ചർച്ചയായതോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഒരുമിച്ച് അന്വേഷിക്കുന്നതും പ്രതികളെ പിടികൂടുന്നതും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

click me!