രണ്ടാം തരം​ഗത്തെയും അതിജീവിച്ച് ധാരാവി; പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യാത്തത് രണ്ടാംതവണ

By Web TeamFirst Published Jul 8, 2021, 2:06 PM IST
Highlights

ഇതുവരെ 6905 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. അതിൽ 6525 പേരും കൊവിഡ് മുക്തരായി. അവശേഷിക്കുന്ന 21 പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. 
 


മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന് വിളിപ്പേരുള്ള ധാരാവി കൊവിഡിനെ അതിജീവിച്ച് മുന്നേറുകയാണ്. കൊവിഡിന്റെ രണ്ടാം തരം​ഗം എല്ലായിടത്തും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലും ധാരാവി എങ്ങനെയാണ് കൊവിഡിനെ പ്രതിരോധിക്കുന്നതെന്ന് ചർച്ചയാകുന്നു. ഈ മാസം രണ്ടാം തവണ ഒരു കൊവിഡ് കേസുപോലും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപേറഷനിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഇതുവരെ 6905 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. അതിൽ 6525 പേരും കൊവിഡ് മുക്തരായി. അവശേഷിക്കുന്ന 21 പേർ ഇപ്പോഴും ചികിത്സയിൽ തുടരുന്നു. 

ജൂലൈ നാലിന് പുതിയ അണുബാധ ഒരെണ്ണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. ജൂൺ 14, 15 തീയതികളിലും ഇവിടെ കൊവിഡ് ബാധിതരുണ്ടായിരുന്നില്ലെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഏപ്രിൽ മാസം തുടക്കത്തിൽ കൊറോണ വൈറസിന്റെ ഹോട്ട്സ്പോട്ടായിരുന്നു ധാരാവി. ഏപ്രിൽ 8നാണ് ഇവിടെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. പത്ത് ലക്ഷത്തിനടുത്ത് ജനങ്ങളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. 

കൊവിഡിന്റെ ഒന്നാം തരം​ഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ധാരാവിക്ക് സാധിച്ചിരുന്നു. നിരീക്ഷണവും പരിശോധനയും കാര്യക്ഷമമാക്കി, രോ​ഗബാധിതരെ ഉടനടി ഐസോലേഷനിൽ പ്രവേശിപ്പിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് ധാരാവി കൊവിഡ് വ്യാപനത്തെ നിയന്ത്രിച്ചത്. കൊവിഡ് ​ഗുരുതര ഭീതി വിതച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു മഹാരാഷ്ട്ര. അറുപതിനായിരത്തിലധികം പേരാണ് കൊവിഡ് മൂലം മരിച്ചത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

click me!